devastanam

പെരിങ്ങോട്ടുകര: ദേവസ്ഥാനം ശ്രീ വിഷ്ണുമായാ സ്വാമിയുടെ ക്ഷേത്രാങ്കണത്തിൽ ശതദിന നൃത്തോത്സവത്തിൽ നൃത്തമണ്ഡപത്തെ ലാസ്യാഭാവത്തിൽ അലിയിച്ച് അനുഷ്മിത ഭട്ടാചാർജിയുടെ ഒഡീസി നൃത്തം. പണ്ഡിത് ഭുവനേശ്വർ മിശ്രയുടെ കൃതിയെ ലാസ്യഭംഗിയോടെ വേദിയിൽ അനുഷ്മിത അവതരിപ്പിച്ചു. ഗുരു പണ്ഡിറ്റ് കേളുചരൺ മഹോപാത്രയാണ് കൃതി ചിട്ടപ്പെടുത്തിയിരുന്നത്.

ധാട്ട് താളത്തിൽ സീതാകാമാ ജയ ജയ ദേവഹരേയും, ശങ്കരാഭരണ രാഗത്തിൽ ചിട്ടയായി ജയദേവ കൃതിയായ ദശാവതാരവർണനയും മോക്ഷ് എന്ന ജീവാത്മപരമാത്മ ബന്ധത്തെ കാണിക്കുന്ന അമൂല്യ സൃഷ്ടിയും നയനാനന്ദകരമായി. ഗുരു ഓർണോമ്പ് ബന്ധ്യോപാദ്ധ്യായ്, രതീകാന്ത് മഹോപാത്ര് എന്നിവരുടെ ശിഷ്യയായ അനുഷ്മിത കൊൽക്കത്ത ഡാൻസ് ഫോറം അവാർഡ്, ഗുരു - ശിഷ്യ, രാജ് സംഗീത് അക്കാഡമി അവാർഡ് എന്നിവ കരസ്ഥമാക്കിയ ആളാണ്.

ഗുരു ആർ.എൽ.വി മീര രാഹുലിന്റെ ശിഷ്യരായ ആർ.എൽ.വി രാജലക്ഷ്മി, വർഷ എസ്. നായർ, സേതു ലക്ഷ്മി എൻ. ഹരി, ദേവനന്ദ സുമേഷ് എന്നിവർ തൃത്തം അവതരിപ്പിച്ചു. ആർ.എൽ.വി മൃദുല നായർ 'ഇന്ദുസൈരി സിരി ശ്രീകൃഷ്ണനത 'എന്ന കണ്ണനെ സ്തുതിക്കുന്ന പദമാണ് അവതരിപ്പിച്ചത്. ദേവസ്ഥാനാധിപതി ഡോ. ഉണ്ണി സ്വാമികൾ പൊന്നാടയും പ്രശസ്തിപത്രവും ശിൽപ്പവും പ്രസാദവും നൽകി ആദരിച്ചു.