തൃശൂർ: രാഹുൽ ഗാന്ധി വന്നതിനേക്കാൾ കൂടുതൽ വയനാട്ടിൽ കാട്ടാന ഇറങ്ങിയെന്ന് പത്മജ വേണുഗോപാൽ. കേരളത്തിൽ ആദ്യം താമര വിരിയുക തൃശൂരിലാകും. അതിൽ സംശയം വേണ്ട. കേരളത്തിൽ ബി.ജെ.പി ആധിപത്യമുറപ്പിക്കാൻ കുടുതൽ വർഷം കാത്തിരിക്കേണ്ടി വരില്ല. ഓരോ വർഷവും ബി.ജെ.പിയുടെ വോട്ട് വിഹിതം കൂടി വരികയാണ്. ഇന്നത്തെ രാഷ്ട്രീയമല്ല നാളെ. ഒറ്റ രാത്രികൊണ്ട് രാഷ്ട്രീയം മാറ്റാൻ പറ്റും.
ഏറ്റവും ശുദ്ധനായ മനുഷ്യനാണ് സുരേഷ് ഗോപി. പാവങ്ങളെ സഹായിക്കുന്ന മനുഷ്യനാണ്. ജനം വോട്ടിലൂടെ അദ്ദേഹത്തിന് പ്രതിഫലം നൽകും.
സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ബഹുമാനം കൊടുക്കുന്ന പാർട്ടിയാണ് ബി.ജെ.പി. തനിക്ക് ഇപ്പോൾ സമാധാനപരമായ ഒരു ജീവിതമാണുള്ളത്. കോൺഗ്രസിലെ ആട്ടും തുപ്പും കേൾക്കുകയോ ചവിട്ടും കുത്തും കൊള്ളുകയോ വേണ്ട. ഏറ്റവും കൂടുതൽ സ്ത്രീകൾക്ക് അവസരം നൽകുന്ന പാർട്ടിയാണ് ബി.ജെ.പി.
ആലത്തൂരിൽ പാട്ടുപാടിയത് കൊണ്ടൊന്നും വികസനമുണ്ടാകില്ലെന്നും രമ്യ ഹരിദാസ് എം.പിയെ പരോക്ഷമായി സൂചിപ്പിച്ച് പത്മജ പറഞ്ഞു.
ചാണകമെന്ന് വിളിച്ചാണ് ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ തന്നെ പരിഹസിക്കുന്നത്. എന്നാൽ ചാണകം പൂജ്യമായ വസ്തുവാണ്. പഞ്ചഗവ്യം നിവേദിക്കുന്നതിന് ആർക്കും കുഴപ്പമില്ല. വിമർശിക്കുന്നവരുടെ മാതാപിതാക്കൾ ചാണകം മെഴുകിയ തറയിൽ കിടന്നിട്ടില്ലേ?. കുന്നംകുളത്ത് പ്രധാനമന്ത്രി പങ്കെടുത്ത, ടി.എൻ.സരസുവിന്റെ പ്രചാരണത്തിനെത്തിയതായിരുന്നു പത്മജ.