angel

തൃശൂർ: ഇൻസ്റ്റഗ്രാമിൽ ഒരു മാസത്തിനിടെ എയ്ഞ്ചൽ ജോഷിയുടെ പുള്ളുവൻപാട്ട് കണ്ടവർ 2.7 ദശലക്ഷം. ലൈക്ക് ചെയ്തവർ രണ്ട് ലക്ഷം. കഴിഞ്ഞ ജനുവരിയിൽ റീൽ പോസ്റ്റ് ചെയ്യും മുമ്പ് ആറായിരം ഫോളോവേഴ്‌സ് ഉണ്ടായിരുന്നത് ഇപ്പോൾ 31,500 ആയി. നാഗാരാധനയുടെ ഭാഗമായുള്ള പുള്ളുവൻപാട്ട് ഒരു കൊല്ലമായി പഠിക്കുന്ന മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് പുത്തൂർ വീട്ടിൽ എയ്ഞ്ചൽ (21) കഴിഞ്ഞ വർഷം പഞ്ചായത്ത് കേരളോത്സവത്തിലും ജില്ലാതലത്തിലും ഒന്നാമതെത്തി.

സംസ്ഥാനതലത്തിൽ എ ഗ്രേഡ്. ജില്ലാതല മത്സരത്തിൽ പാടിയ, തനിക്കേറ്റവും ഇഷ്ടമുള്ള പാതിരിക്കുന്നത്തെ രക്ഷകനായുള്ള നാഗങ്ങളേ ദേവനാഗങ്ങളേ... എന്ന പാട്ടാണ് ഇൻസ്റ്റയിൽ പങ്കുവച്ചത്. എട്ടാംക്‌ളാസ് മുതൽ നാടൻപാട്ട് പാടുന്നുണ്ടെങ്കിലും വൈറലായതോടെ പുള്ളുവൻപാട്ടിലാണിപ്പോൾ ശ്രദ്ധ. ബംഗളൂരുവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പി.ജിക്ക് ചേരാനൊരുങ്ങുന്ന എയ്ഞ്ചൽ പഞ്ചായത്ത് കേരളോത്സവത്തിൽ പുള്ളുവക്കുടമില്ലാതെ പാടിയിട്ടും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

സഹോദരങ്ങളായ ആൻ, ഏതൽ, ആന്റൺ എന്നിവരും പാടും. പാട്ടിൽ എഫ്.സി.ഐ ഉദ്യോഗസ്ഥനായ അച്ഛൻ ജോഷിയുടെയും അമ്മ അഡ്വ. സോഫിയയുടെയും പിന്തുണയുണ്ട്. നാടൻ പാട്ട് ഉൾപ്പെടെ പാടാറുള്ള മാതാപിതാക്കളാണ് പ്രചോദനം. കുറച്ചുകാലം പാട്ട് പഠിച്ചിട്ടുള്ള എയ്ഞ്ചൽ യൂട്യൂബ് നോക്കിയും പഠിക്കാറുണ്ട്. നാട്ടുകാരനും നാടൻപാട്ടുകാരനുമായ പ്രണവിൽ നിന്ന് ഒറ്റദിവസത്തിലാണ് പുള്ളുവക്കുടം വായിക്കാൻ പഠിച്ചത്.

വിമർശനം ചെവി കൊണ്ടില്ല

ഹൈന്ദവാചാരത്തിന്റെ ഭാഗമായ പുള്ളുവൻപാട്ട് ക്രിസ്ത്യൻ യുവതി പാടുന്നതിനെ സാമൂഹിക മാദ്ധ്യമങ്ങളിൽ പലരും വിമർശിച്ചു. ഒന്നിനോടും ഏയ്ഞ്ചൽ പ്രതികരിച്ചില്ല. ആർക്കും പാടാമെന്ന് പിന്തുണച്ചവരുമുണ്ട്. ഇൻസ്റ്റയിൽ കൂടുതൽ പാട്ടുകൾ പങ്കുവയ്ക്കുന്ന തിരക്കിലാണിപ്പോൾ ഏയ്ഞ്ചൽ.

എനിക്ക് ദൈവവിശ്വാസമില്ല. കലയിൽ ദൈവത്തിന്റെ കാര്യം പറയേണ്ടതുമില്ല.

- എയ്ഞ്ചൽ.