ചേർപ്പ് : കാർഷിക ആവശ്യങ്ങൾക്കായി പെരുവനം ചിറ വറ്റിച്ചതോടെ പ്രദേശവാസികൾ ജലക്ഷാമം ഉണ്ടാകുമോ എന്ന ആശങ്കയിൽ. ചേർപ്പ്, വല്ലച്ചിറ പഞ്ചായത്തുകൾ ഉൾപ്പെട്ട പ്രദേശങ്ങളിലെ കുടുംബങ്ങൾ പെരുവനം ചിറയിലെ വെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്. വെള്ളം വറ്റിയാൽ കനത്ത ജലക്ഷാമം നേരിടുന്ന അവസ്ഥയുമുണ്ട്. വർഷങ്ങളായി ചിറ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജല സംരക്ഷണത്തിനായുള്ള സമര പരിപാടികളും നടന്നിരുന്നു. ചിറ കെട്ടുന്നതിന്റെ ചുമതല ചേർപ്പ് പഞ്ചായത്തിനാണ്. ചിറ സംരക്ഷണവുമായി ബന്ധപ്പെട്ട് പരാതികൾ നിലനിൽക്കെ ഏപ്രിൽ 10ന് മുമ്പ് ചിറ തുറക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വേനൽ കനത്തതോടെ ചിറ തുറക്കുന്നത് ഒരു മാസമെങ്കിലും വൈകി ആക്കണമെന്ന് ആവശ്യപ്പെട്ട് ചിറ സംരക്ഷണ സമിതി ചേർപ്പ് പഞ്ചായത്ത് അധികൃതർക്ക് അപേക്ഷേ നൽകിയിരുന്നു. ഇതേ ആവശ്യവുമായി പഞ്ചായത്ത് ഭരണസമിതിയും കളക്ടർക്ക് നിവേദനം കൈമാറിയിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും കളക്ടറിൽ നിന്നും യാതൊരു നിർദ്ദേശം ലഭിക്കാതായതോടെ ചിറ തുറക്കുകയായിരുന്നു.
27 ഏക്കർ സ്ഥലത്താണ് പെരുവനം ചിറ നിലക്കൊള്ളുന്നത്. നെൽക്കൃഷി ഇറക്കുന്നതിനായാണ് ചിറയിലെ വെള്ളം ഒഴിവാക്കിയത്. അതേസമയം പെരുവനം ചിറയിലെ വെള്ളം വറ്റിച്ചത് തൊട്ടടുത്ത പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ കുടിവെള്ള ക്ഷാമമുൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് വഴിവയ്ക്കാനാണ് സാദ്ധ്യത.