കുന്നംകുളം (തൃശൂർ) : തൃശൂർ, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലെ അഞ്ച് ലോകസഭാ സ്ഥാനാർത്ഥികളെ അണിനിരത്തി പ്രവർത്തകരെ ഇളക്കി മറിച്ച് പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. കഴിഞ്ഞ മൂന്നര മാസത്തിനുള്ളിൽ മൂന്നാം തവണ തൃശൂരിലെത്തിയ പ്രധാനമന്ത്രി ഇന്നലെ ഇരുമുന്നണികളെയും കടന്നാക്രമിച്ചു.
കരുവന്നൂർ ഉൾപ്പെടെ സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കിലെ അഴിമതിയെ കുറിച്ചും ഉത്തരേന്ത്യയിൽ നിന്ന് മത്സരിക്കാനെത്തിയ രാഹുൽ ഗാന്ധിയെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചായിരുന്നു പ്രസംഗം. ഗുരുവായൂർ ഹെലിപാഡിൽ വന്നിറങ്ങിയപ്പോൾ സ്വീകരിക്കാനെത്തിയവരോട് സംവദിച്ചും പ്രവർത്തകരെ അഭിവാദ്യം ചെയ്തും സദസിനെ ഇളക്കി മറിച്ചു. തിരികെ പോകുമ്പോഴും കാറിൽ വച്ചും പ്രവർത്തകർക്ക് നേരെ കൈവീശി കാണിച്ചു. ആലത്തൂർ, പൊന്നാനി, മലപ്പുറം, തൃശൂർ, ചാലക്കുടി ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായ ഡോ.ടി.എൻ.സരസു, നിവേദിത സുബ്രഹ്ണ്യൻ, ഡോ.അബ്ദുൾ സലാം, സുരേഷ് ഗോപി, കെ.എ.ഉണ്ണികൃഷ്ണൻ, എന്നിവരുടെ പ്രചരണത്തിനായാണ് മോദി കുന്നംകുളത്തെത്തിയത്. മോദിയുടെ പൊതുസമ്മേളന വേദിയിൽ വൻ ജനപങ്കാളിത്തവുമുണ്ടായി.


ലക്ഷ്യം തൃശൂർ

ആലത്തൂർ മണ്ഡലത്തിലാണ് എത്തിയതെങ്കിലും സുരേഷ് ഗോപിയുടെ പേര് പ്രസംഗത്തിൽ എടുത്ത് പറഞ്ഞും, കരുവന്നൂർ വിഷയം സമഗ്രമായി പ്രതിപാദിച്ചും നരേന്ദ്രമോദി തൃശൂർ ലക്ഷ്യം പ്രകടമാക്കി. സദസിൽ ഇരുന്ന സമയത്ത് ഏറെ നേരം സംസാരിച്ചത് സുരേഷ് ഗോപിയോടായിരുന്നു. വന്ദേഭാരത് ഉൾപ്പെടെ നിരവധി വികസന വിഷയങ്ങൾ സുരേഷ് ഗോപി അവതരിപ്പിക്കാറുണ്ടെന്നും മോദി പറഞ്ഞു. നിവേദിത സുബ്രഹ്മണ്യൻ, ഡോ.അബ്ദുൾ സലാം, സുരേഷ് ഗോപി, കെ.എ.ഉണ്ണികൃഷ്ണൻ എന്നിവർക്ക് പുറമേ നടൻ ദേവൻ, പത്മജ വേണുഗോപാൽ, അഡ്വ.ബി.ഗോപാലകൃഷ്ണൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാർ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുരാഗ് , ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, എം.എസ്.സമ്പൂർണ, പൂർണിമ സുരേഷ്, വി.ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, ധന്യ രാമചന്ദ്രൻ, അനീഷ് ഇയ്യാൽ, ഇ.കൃഷ്ണ ദാസ്, രവി തേലത്ത് തുടങ്ങി നിരവധി നേതാക്കൾ സന്നിഹിതരായി. സുരേഷ് ഗോപി വന്ദേഭാരത് ട്രെയിനിന്റെ മാതൃക സമ്മാനിച്ചു. മറ്റ് സ്ഥാനാർത്ഥികൾ മോദിയെ പൊന്നാടയണിച്ചു. അഡ്വ.ബി.ഗോപാലകൃഷ്ണൻ, കെ.കെ.അനീഷ് കുമാർ എന്നിവരും ഉപഹാരം സമ്മാനിച്ചു.

തൃപ്രയാർ ദക്ഷിണ അയോദ്ധ്യ !

യു.പിയിൽ ഒരു പൊതുസമ്മേളനത്തിനിടെ തൃപ്രയാർ ക്ഷേത്രത്തെയും നാലമ്പല ദർശനത്തെയും കുറിച്ച് പരാമർശിച്ചിരുന്ന പ്രധാനമന്ത്രി പിന്നിട് ക്ഷേത്രത്തിലെത്തി ദർശനം നടത്തി ഒരു മണിക്കൂറോളം ചെലവഴിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ കുന്നംകുളത്തെത്തിയപ്പോഴും തൃപ്രയാർ ക്ഷേത്രത്തെ കുറിച്ച് പരാമർശിച്ച മോദി ദക്ഷിണ അയോദ്ധ്യയാണ് തൃപ്രയാറെന്ന് വിശേഷിപ്പിച്ചു. വടക്കുന്നാഥ ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, പലക്കാട് മണപ്പുള്ളിക്കാവ് ക്ഷേത്രം, വിഷു എന്നിവയും പ്രസംഗത്തിന് വിഷയമായി.

വിമർശന ശരങ്ങൾ ഇവ

സഹകരണ തട്ടിപ്പുകളിലൂടെ സി.പി.എം നാട്ടുകാരെ കൊള്ളയടിക്കുന്നു

എൽ.ഡി.എഫും യു.ഡി.എഫും നിരോധിത സംഘടനയുമായും ചേരും

കേന്ദ്ര പദ്ധതികളിൽ വേഗം പോര