
കുന്നംകുളം: പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്ന വേദിയിലേക്ക് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ബി.ജെ.പി പ്രവർത്തകരെ കടത്തിവിടാത്തതിനെ തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കുതർക്കം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വേദിക്ക് മുൻപിലൂടെയുള്ള റോഡിലൂടെ കടന്നുപോയതിന് തൊട്ടു പിന്നാലെയായിരുന്നു സംഭവം. നൂറുകണക്കിന് പ്രവർത്തകർ വേദിക്ക് മുൻവശത്തെ ബാരിക്കേഡിന് സമീപത്തായി തടിച്ചുകൂടിയിരുന്നു. പുഷ്പവൃഷ്ടി നടത്തിയ ശേഷം പ്രധാനമന്ത്രി സംസാരിക്കുന്നത് കാണാൻ റോഡ് മുറിച്ച് വേദിയിലേക്ക് കടക്കുകയായിരുന്ന പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്ക് തർക്കമുണ്ടായി. തുടർന്ന് കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ അബ്ദുൾ ബഷീർ, ബി.ജെ.പി നേതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി പ്രവർത്തകരുമായി നടത്തിയ ചർച്ചയിൽ പ്രവർത്തകരെ കടത്തിവിടാൻ തീരുമായി.