ഭാരതീയ പട്ടിക ജനസമാജം ജില്ലാ കമ്മിറ്റി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ.
കൊടുങ്ങല്ലൂർ : ചെന്ത്രാപ്പിന്നി കുട്ടോത്തുപാടം ആണ്ടവൻ മകൻ അഷിമോന്റെ ഭാര്യ കാർത്തികയുടെ മരണത്തിന് കാരണക്കാരിയായ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സീമക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ പട്ടിക ജനസമാജം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുമ്പിൽ അംബേദ്കർ ജയന്തി ദിനത്തിൽ പ്രതിഷേധ ധർണ നടത്തി. പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കുണ്ടായ ഗുരുതര വീഴ്ചയാണ് കാർത്തികയുടെ മരണത്തിനിടയാക്കിയതെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഭാരതീയ പട്ടിക ജനസമാജം ആവശ്യപ്പെട്ടു. രണ്ട് പിഞ്ചു കുട്ടികളും പ്രായമായ അച്ഛനും അമ്മയുമടങ്ങുന്ന അഷിമോന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്നും സമാജം നേതാക്കൾ ആവശ്യപ്പെട്ടു. സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ആശുപത്രിക്കുമുമ്പിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സമാജം സംസ്ഥാന സെക്രട്ടറി സജീവൻ ഉദ്ഘാടനം ചെയ്തു. പി.കെ. ബാബു, പി.കെ. അജിത്ത്കുമാർ, ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽകുമാർ, ജില്ലാ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ കാതിക്കോട്, സാവിത്രി ചന്ദ്രൻ, രശ്മി സുമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.