കൊടുങ്ങല്ലൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഭിന്നശേഷിക്കാരെയും 85 വയസ് കഴിഞ്ഞവരെയും വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കുന്ന നടപടിക്ക് കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ തുടക്കമായി. നഗരസഭയിലെ പോളിംഗ് സ്റ്റേഷനുകളായ 79, 80 ബൂത്തുകളിലുള്ള ഭിന്ന ശേഷിക്കാരും 85 വയസ് കഴിഞ്ഞവരുമാണ് ഇന്നലെ വോട്ട് ചെയ്തത്. പ്രസൈഡിംഗ് ഓഫീസർ ഉൾപ്പെടെയുള്ള ആറംഗ സംഘമാണ് വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കുന്നത്. പോളിംഗ് ബൂത്തിന് തുല്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് വോട്ടിംഗ് നടത്തുക. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ എട്ടു സ്‌ക്വാഡും കയ്പമംഗലത്ത് 11 സ്‌ക്വാഡുമാണ് ഇതിനായി രംഗത്തുള്ളത്. നേരത്തെ അപേക്ഷ നൽകിയ അർഹരായവർക്കാണ് വീട്ടിൽവച്ച് വോട്ട് ചെയ്യാൻ അവസരം ലഭിക്കുന്നത്.