തൃശൂർ: പ്രധാനമന്ത്രി കൂടുതൽ വട്ടം കേരളത്തിലെത്തുമ്പോൾ യു.ഡി.എഫിന് വോട്ടു കൂടുമെന്ന് രമേശ് ചെന്നിത്തല. പ്രസ് ക്ലബ് സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതാണ് അവസ്ഥ. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ശ്രമിക്കുന്നത് വർഗീയ ധ്രുവീകരണത്തിനാണ്. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന് കഴിയും. എന്നാൽ ദേശീയതലത്തിൽ ബി.ജെ.പിയുമായി മത്സരിക്കാൻ പോലും സി.പി.എമ്മിനാകുന്നില്ല. അവർ എതിരാളികളേ അല്ല. ഇടതിന് വോട്ടുചെയ്തിട്ട് എന്തുകാര്യമെന്ന് ജനം തിരിച്ചറിയുന്നുണ്ട്. വയനാട്ടിൽ കോൺഗ്രസ് പ്രത്യേക രീതിയിലുള്ള പ്രചാരണമാണ് നടത്തുന്നത്. അതിനാലാണ് അവിടെ ചിഹ്നം മാത്രം മതിയെന്ന് തീരുമാനിച്ചത്. കോൺഗ്രസിന് വ്യക്തമായ പദ്ധതിയുണ്ട്. 'ഞാൻ രാഹുൽ' എന്ന രീതിയിലുള്ള പ്രചാരണമാണ് നടത്തുന്നത്. അതിന് കൊടി ഉപയോഗിക്കേണ്ട കാര്യമേയില്ല. പ്രചാരണത്തിൽ പല വ്യത്യസ്തതകളും വേണമെന്നാണ് ആഗ്രഹിച്ചത്. പാർട്ടി പതാക ഉപയോഗിച്ചില്ലെന്നത് ബി.ജെ.പിയുടെ ആരോപണമാണ്. അത് സി.പി.എം ഏറ്റുപിടിച്ചു. മോഡി പറയുന്നത് എന്താണോ അതിന്റെ പിറകെയാണ് സി.പി.എം. പ്രധാനമന്ത്രി മോദിയെ പേരുപറഞ്ഞ് വിമർശിക്കാൻ പോലും സി.പി.എം തയ്യാറല്ല. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര വ്യക്തമാണ്. കരുവന്നൂർ കേസിൽ എത്ര പേരെ അറസ്റ്റുചെയ്തുവെന്ന് ചോദിക്കണം. അഴിമതിക്കാരുടെ സ്വൈര സഞ്ചാരത്തിന് കേന്ദ്രവും സംസ്ഥാനവും സംരക്ഷണമൊരുക്കുന്നു. തൃശൂർ മേയർ ഈയിടെ ബി.ജെ.പി സ്ഥാനാർത്ഥിയെ പരസ്യമായി പുകഴ്ത്തിയത് ഇതുമായി കൂട്ടിച്ചേർത്ത് വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
22ന് രാഹുൽഗാന്ധി ചാവക്കാട്ട്
തൃശൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം രാഹുൽ ഗാന്ധി ചാവക്കാട് സെന്ററിൽ പ്രസംഗിക്കും. 22 ന് രാവിലെ 10ന് ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടിൽ നടക്കുന്ന മഹാ സമ്മേളനത്തെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു