തൃശൂർ : രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുയർത്തി എൽ.ഡി.എഫിനെ കടന്നാക്രമിച്ചപ്പോൾ വൈകിട്ട് അതേ നാണയത്തിൽ കണക്കുകൾ നിരത്തി മുഖ്യമന്ത്രിയുടെ പ്രത്യാക്രമണം. ജനക്കൂട്ടങ്ങൾക്ക് നടുവിലായിരുന്നു ജില്ലയിലെ മൂന്ന് പൊതുപരിപാടികളിലും എൽ.ഡി.എഫിന്റെ താരപ്രചാരകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യാക്രമണം.
പ്രധാൻമന്ത്രി ആവാസ് യോജന പദ്ധതി അടക്കമുള്ളവയെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ വാസ്തവവിരുദ്ധമാണ്. ഭവനപദ്ധതിയിലെ കേരളത്തിന്റെ നേട്ടത്തെ കേന്ദ്രത്തിന് ഏറ്റെടുക്കാനാകില്ലെന്നും ഇപ്പോഴും കേന്ദ്രവിഹിതം കുടിശികയാണെന്നും പറഞ്ഞായിരുന്നു ഇരിങ്ങാലക്കുടയിലെ പ്രസംഗം. ഇരിങ്ങാലക്കുടയിൽ കരുവന്നൂർ വിഷയം പറഞ്ഞില്ലെന്ന വിമർശനമുയർന്നെങ്കിലും ഒരു മണിക്കൂറിൽ തൃശൂരിൽ മറുപടിയെത്തി. സഹകരണമേഖല ആകെ കുഴപ്പത്തിലാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നത്. അത് വിലപ്പോകില്ല. അവർക്ക് ഇതുവരെ ഒന്നും ചെയ്യാനായിട്ടില്ല. ഇനിയും അതിന് കഴിയില്ല. കേരളത്തിലെ ജനങ്ങൾക്ക് എല്ലാം അറിയാം. നോട്ട് നിരോധനകാലത്ത് സഹകരണമേഖലയെ വലിയ തോതിൽ ആക്ഷേപിച്ചു. കേരളത്തിലെ സഹകരണമേഖലയ്ക്ക് ആ സമയത്തും പിടിച്ചു നിൽക്കാനായി. കേരളത്തിൽ നിന്ന് ബി.ജെ.പിക്ക് ഒരംഗം പോലും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇരിങ്ങാലക്കുടയിൽ മന്ത്രി ഡോ.ആർ.ബിന്ദു, സ്ഥാനാർത്ഥി വി.എസ്.സുനിൽ കുമാർ, എൽ.ഡി.എഫ് നേതാക്കളായ എം.എം.വർഗീസ്, കെ.കെ.വത്സരാജ് ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം സന്നിഹിതരായി. തൃശൂരിൽ പി.ബാലചന്ദ്രൻ എം.എൽ.എ, എം.കെ.കണ്ണൻ, ബേബി ജോൺ, കെ.പി.രാജേന്ദ്രൻ, മന്ത്രി കെ.രാജൻ തുടങ്ങിയവർ പങ്കെടുത്തു. ചാവക്കാട് ചേർന്ന പൊതുസമ്മേളനത്തിൽ എൻ.കെ.അക്ബർ എം.എൽ.എ അദ്ധ്യക്ഷനായി. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വി.എസ് സുനിൽകുമാർ, നേതാക്കളായ എം.എം.വർഗ്ഗീസ്, കെ.പി.രാജേന്ദ്രൻ, കെ.വി.അബ്ദുൾ ഖാദർ, കെ.കെ.വത്സരാജ്, മുരളി പെരുന്നല്ലി എം.എൽ.എ, സി.സുമേഷ്, എം.കൃഷ്ണദാസ്, കെ.എഫ്.ഡേവീസ്, ടി.വി.ഹരിദാസ്, ഉഷ പ്രഭു കുമാർ, ടി.ടി.ശിവദാസ്, എം.എ.ഹാരിസ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
വി.എസ്.സുനിൽ കുമാറിനെ കുറിച്ച് പുറത്തിറക്കിയ സുനിശ്ചിതം പുസ്തകത്തിന്റെ പ്രകാശനവും നിർവഹിച്ചു. മുഖ്യമന്ത്രി ഇന്ന് വടക്കാഞ്ചേരിയിലും പ്രസംഗിക്കും.
കേന്ദ്രവിമർശം ഇങ്ങനെ
കേന്ദ്ര അവഗണന കേന്ദ്രത്തിന്റെ പക
കേരളത്തിലെ ഭവനപദ്ധതിയിൽ പോലും കേന്ദ്രത്തിന് കുടിശ്ശിക
ബി.ജെ.പിയുടേത് വെറുപ്പിന്റെ പ്രത്യയശാസ്ത്രം
സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നു
റബ്ബറിന് താങ്ങുവില ഏർപ്പെടുത്തുന്നതിനെ എതിർത്തത് ടയർ കമ്പനികൾക്കായി