കൊടുങ്ങല്ലൂർ: കയ്പമംഗലം നിയോജക മണ്ഡലത്തിൽ ഹോം വോട്ടിന് താളപ്പിഴയോടെ തുടക്കം. വീടുകളിൽ നടക്കുന്ന വോട്ടിംഗ് പ്രകിയകളുടെ ചിത്രീകരണത്തിന് ഫോട്ടോഗ്രാഫർമാർ ഇല്ലാതെ പോയതാണ് കാരണം. ഇതേത്തുടർന്ന് പൂർണമായ തോതിൽ ഹോം വോട്ടിംഗ് നടന്നില്ല. 15 മുതൽ 21 വരെയാണ് വീടുകളിലെ വോട്ടിംഗ് നടക്കുന്നത്. ഭിന്നശേഷിക്കാരുടെയും 85 കഴിഞ്ഞ വയോജനങ്ങളുടെയും 1296 ഹോം വോട്ടുകളാണ് കയ്പമംഗലം നിയോജക മണ്ഡലത്തിലുള്ളത്. ഇതിനായി എട്ട് ടീമുകളെയാണ് നിയോഗിച്ചിട്ടുള്ളത്. പോളിംഗ് ഓഫീസറുടെ നേതൃത്വത്തിൽ ആംറഗ സംഘമാണ് വീടുകളിലെത്തി സമ്മതിദായകരെകൊണ്ട് വോട്ട് ചെയ്യിക്കേണ്ടത്. മതിലകം ബ്ലോക്ക് ഓഫീസ് കേന്ദ്രീകരിച്ചാണ് ഹോം വോട്ടിന്റെ ക്രമീകരണങ്ങൾ സജ്ജമാക്കിയിരുന്നത്. നിശ്ചയിച്ചത് പ്രകാരം എല്ലാ ഉദ്യോഗസ്ഥരും വാടക വാഹനങ്ങളും തിങ്കളാഴ്ച രാവിലെ തന്നെ ബ്ലോക്ക് ഓഫീസ് അങ്കണത്തിൽ എത്തിയെങ്കിലും ആവശ്യമായ ഫോട്ടോഗ്രാഫർമാർ ഉണ്ടായിരുന്നില്ല. ഇതോടെ മൂന്ന് സംഘങ്ങൾക്ക് മാത്രമാണ് യഥാസമയം ഹോം വോട്ടർമാരെ തേടി വീടുകളിലേക്ക് പോകാനായത്. ബാക്കിയുള്ളവർ വാഹന ഡ്രൈവർമാരും പൊലീസും ഉൾപ്പെടെ കാത്തിരിപ്പായി. ഒടുവിൽ ഉച്ചയ്ക്ക് ശേഷം കാമറകൾ എത്തിച്ചു. എന്നാൽ വീഡിയോഗ്രാഫർമാർ ഇല്ലാതെ വീണ്ടും കാത്തിരിപ്പായി. പിറകെ രണ്ട് പോളിംഗ് സംഘത്തെ കൂടി ഫീൽഡിൽ വിടാനായി. ബാക്കിയുള്ളവർ പിന്നെയും കാത്തിരിപ്പായി. വൈകിട്ട് 5.15 ഓടെ രാവിലെ പോയ സംഘം തിരികെയെത്തിയപ്പോഴും പോകാനാകാത്ത മൂന്ന് പോളിംഗ് സംഘങ്ങളും ബ്ലോക്ക് ഓഫീസ് അങ്കണത്തിൽ ഉണ്ടായിരുന്നു.