തൃശൂർ: സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള വിവിധ ജില്ലകളിലെ സ്‌പോർട്‌സ് അക്കാഡമികളിലേക്ക് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നതിന് തൃശൂരിൽ സോണൽ തല സെലക്‌ഷൻ സംഘടിപ്പിക്കും. തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലെ വിദ്യാർത്ഥികൾക്ക് 7, 8, പ്ലസ് വൺ ക്ലാസ്, അണ്ടർ 14 വിമൺ ഫുട്‌ബാൾ അക്കാഡമി എന്നിവയിലേക്ക് 20നും ഡിഗ്രി ഒന്നാം വർഷ ക്ലാസിലേക്ക് 21നും കോർപറേഷൻ മൈതാനത്ത് സെലക്ഷൻ നടത്തും. വിദ്യാർത്ഥികൾ സ്‌പോർട്‌സ് കിറ്റ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഏതു ക്ലാസിൽ പഠിക്കുന്നുവെന്ന പ്രധാന അദ്ധ്യാപകൻ/പ്രിൻസിപ്പൽ നൽകിയ സർട്ടിഫിക്കറ്റ്, കായികമികവു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, 2 പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് (അസ്സലും പകർപ്പും) എന്നിവയുമായി രാവിലെ 8ന് വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തണം. സെലക്ഷനിൽ പങ്കെടുക്കുന്നവർ നിർബന്ധമായും വെബ്‌സൈറ്റിൽ (www.sportscouncil.kerala.gov.in) രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എസ്. രാജേന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി, എക്‌സിക്യൂട്ടിവ് അംഗം കെ.എൽ. മഹേഷ് എന്നിവർ പറഞ്ഞു.