പാവറട്ടി: പാവറട്ടി സെന്റ് ജോസഫ് തീർത്ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ 148ാം തിരുനാൾ ഏപ്രിൽ 19, 20, 21 തിയതികളിൽ ആഘോഷിക്കും. 19ന് വൈകിട്ട് 7ന് ദീപാലങ്കാരത്തിന്റെ സ്വിച്ച്ഓൺ കർമ്മം പാവറട്ടി ആശ്രമാധിപൻ ഫാ.ജോസഫ് ആലപ്പാട്ട് നിർവഹിക്കും. തെക്ക് വിഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുമുറ്റ മെഗാഫ്യൂഷൻ ആരംഭിക്കും.
20ന് രാവിലെ 10ന് നടക്കുന്ന നൈവേദ്യപൂജയ്ക്ക് മോൺ. ജോസ് വെള്ളൂരാൻ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് നേർച്ച ഭക്ഷണം ആശിർവാദവും നേർച്ചയൂട്ടും ആരംഭിക്കും. വൈകീട്ട് 5.30ന് നടക്കുന്ന സമൂഹബലിക്ക് അതിരൂപത സഹായ മെത്രാൻ ടോണി നീലങ്കാവിൽ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ഭക്തിസാന്ദ്രമായ കൂട് തുറക്കൽ. തിരുകർമ്മങ്ങൾക്ക് ശേഷം തിരുനാൾ സൗഹൃദ വേദിയുടെ തിരുനടയ്ക്കൽ മേളം നടക്കും. രാത്രിയോടെ വിവിധ കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള വള എഴുന്നള്ളിപ്പുകൾ തീർത്ഥ കേന്ദ്രത്തിലെത്തിച്ചേരും. 21ന് പുലർച്ചെ 4.30 മുതൽ തുടർച്ചയായി ദിവ്യബലി ഉണ്ടാകും.
രാവിലെ ഇംഗ്ലീഷ് ദിവ്യബലിയും ഉണ്ടാകും. 10ന് ആഘോഷമായ തിരുനാൾ പാട്ട് കുർബാനയ്ക്ക് ഫാ.ഡേവിസ് പുലിക്കോട്ടിൽ സീനിയർ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ.ജിബിൻ താഴെക്കാടൻ തിരുനാൾ സന്ദേശം നൽകും. വൈകിട്ട് 3ന് തമിഴ് കുർബാന ഉണ്ടാകും. നാലിന് ദിവ്യബലിക്ക് ശേഷം തിരുനാൾ പ്രദക്ഷിണത്തോടെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും. എട്ടാമിടം 28ന് ആഘോഷിക്കും.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു കോടിയുടെ കാരുണ്യപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കൊടിയേറ്റം മുതൽ തിരുനാൾ ദിനം വരെയുള്ള ദിവസങ്ങളിൽ തീർത്ഥകേന്ദ്രത്തിന് കീഴിലുള്ള സാൻജോസ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് സൗജന്യമായിരിക്കും.
148 സൗജന്യ ഡയാലിസിസ് നൽകും. ചികിത്സാസഹായം, ഭവനനിർമ്മാണ സഹായം, വിവാഹ സഹായം, വിദ്യാഭ്യാസ സഹായം എന്നിവ ഒരു വർഷം നീണ്ടുനിൽക്കുന്ന കാരുണ്യ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയതായി തീർത്ഥകേന്ദ്രം റെക്ടർ ഫാ.ആന്റണി ചെമ്പശ്ശേരി, മാനേജിംഗ് ട്രസ്റ്റി വി.ജെ.ജോസി, പബ്ലിസിറ്റി കൺവീനർ ഷാജൻ ജോസ്, ജോൺ ബെന്നീസ്, ജോസഫ് ചിരിയങ്കണ്ടത്ത്, വി.സി.ജെയിംസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.