ചേലക്കര: തിരുവില്വാമലയിൽ നിന്നും പുലർച്ചെ തൃശൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ലോക്കൽ സർവീസ് നിറുത്തലാക്കിയതിനാൽ ജനം ദുരിതത്തിൽ. പുലർച്ചെ 4.50ന് തിരുവില്വാമലയിൽ നിന്ന് പുറപ്പെടുന്ന ബസാണ് യാതൊരു മുന്നറിയിപ്പും കൂടാതെ ഒരാഴ്ച മുൻപ് അധികൃതർ നിറുത്തിയത്.
സർക്കാർ ജോലിക്കാരും വിദ്യാർത്ഥികളും വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികളും ഉൾപ്പെടെ നിരവധിപേർ ഈ ബസിലെ സ്ഥിരം യാത്രക്കാരായിരുന്നു. നഷ്ടത്തിലുള്ള റൂട്ടുകൾ നിറുത്തലാക്കുന്നതിന്റെ ഭാഗമായാണ് ഈ സർവീസ് നിറുത്തലാക്കിയതെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ വിശദീകരണം.
നിറയെ യാത്രക്കാരുമായി ഓടുമ്പോൾ എങ്ങനെയാണ് സർവീസ് നഷ്ടത്തിലാകുന്നതെന്നാണ് സ്ഥിരം യാത്രക്കാരുടെ ചോദ്യം. ബസ് സർവീസ് നിറുത്തിയ വിവരം അറിയാതെ ഇപ്പോഴും നിരവധി യാത്രക്കാരാണ് വിവിധ സ്റ്റോപ്പുകളിൽ പുലർച്ചെ കെ.എസ്.ആർ.ടി.സി ബസിന്റെ വരവും കാത്ത് നിൽക്കുന്നത്.
ആദ്യ ബസും, അവസാന ബസും
തൃശൂർ ഡിപ്പോയിൽ നിന്ന് വൈകിട്ട് 7.20ന് തിരുവില്വാമലയിൽ എത്തി പുലർച്ചെ 4.50ന് പോകുന്ന ബസാണ് സർവീസ് നിറുത്തിയത്. രണ്ടുവർഷത്തിലേറെയായി സർവീസ് നടത്തുന്ന ബസിനെ നിരവധിപേർ ആശ്രയിക്കുന്നുണ്ട്. തിരുവില്വാമലയിൽ നിന്നും തൃശൂരിലേക്ക് സർവീസ് നടത്തുന്ന ആദ്യ ബസും രാത്രിയിൽ തിരുവില്വാമലയിലേക്ക് തൃശൂരിൽ നിന്ന് പോകുന്ന അവസാന സർവീസും ഇതാണ്.