അന്തിക്കാട്: കാരമുക്ക് ശ്രീനാരായണ ഗുപ്ത സമാജം ഹയർ സെക്കൻഡറി സ്‌കൂളിൽ 'കളിയരങ്ങ് 2024'എന്ന പേരിൽ അവധിക്കാല കലാകായിക പരിശീലന ക്യാമ്പ് ഇന്ന് മുതൽ മേയ് 20 വരെ നടത്തുമെന്ന് സ്‌കൂൾ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കായിക ഇനങ്ങളിൽ ശേഷിയുള്ള കുട്ടികളെ ചെറുപ്രായത്തിൽ തന്നെ കണ്ടെത്തി മികച്ച പരിശീലനം നൽകി അന്തർദേശീയ നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച എസ്.എൻ.ജി.എസ് സ്‌പോർട്‌സ് അക്കാഡമിയുടെയും പരിശീലന ക്യാമ്പിന്റെയും ഉദ്ഘാടനം മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്ടൻ ജോപോൾ അഞ്ചേരി നിർവഹിക്കും. ത്രിദിന അഭിനയക്കളരിയിൽ ചലച്ചിത്ര സംവിധായകൻ ഷൈജു അന്തിക്കാട് പരിശീലനം നൽകും. ചലച്ചിത്ര, നാടക പരിശീലനം, പ്രസംഗം, ഫുട്ബാൾ, ബാഡ്മിന്റൺ, ബാസ്‌ക്കറ്റ് ബാൾ, വോളിബാൾ എന്നിവയിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന പരിശീലനക്കളരിയാണ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സ്‌കൂൾ മാനേജർ പ്രദീപ് പറഞ്ഞു. ഏത് വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ 759 9008 986,9349349333 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. പി.ടി.എ പ്രസിഡന്റ് കെ.കെ. ഷൈൻ വാസ്, പ്രിൻസിപ്പൽ പ്രീത പി. രവീന്ദ്രൻ, പ്രധാന അദ്ധ്യാപിക ജയന്തി എൻ. മേനോൻ, അദ്ധ്യാപകരായ ഇ.വി. ദിനേശ്, ബിതാ പി. ദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.