1

തൃശൂർ: പൂരനഗരിയെ ശബ്ദവർണഘോഷങ്ങളിൽ ആറാടിക്കുന്ന കരിമരുന്നിന്റെ ഇന്ദ്രജാലം ഇന്ന്. വെടിക്കെട്ട് കമ്പക്കാരുടെ കണ്ണുകൾക്കും കാതുകൾക്കും ഹരം പകരുന്ന നിറക്കൂട്ടുകൾ വടക്കുന്നാഥന്റെ ആകാശമേലാപ്പിൽ ഇന്ന് പൊട്ടിവിരിയും. പാറമേക്കാവിനും തിരുമ്പാടിക്കും ഒരാൾ തന്നെയാണ് വെടിക്കെട്ട് കരാറുകാരൻ എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. വെടിക്കെട്ട് പ്രേമികളുടെ മനസിൽ മായാതെ നിൽക്കാവുന്ന പുത്തൻ പരീക്ഷണങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ശബ്ദത്തിന് ഒപ്പം വർണവും വാരിവിതറുന്ന മാനത്തെ പൂരത്തിന് ഇക്കുറിയും പതിനായിരങ്ങളെത്തും.

കുഴിമിന്നലും കൂട്ടപ്പൊരിച്ചിലും തീർക്കുന്ന പ്രകമ്പനമാണ് വെടിക്കെട്ടിന്റെ മുഖ്യആകർഷണം. തിരുവമ്പാടി, പാറമേക്കാവ് വെടിക്കെട്ട് നിർമാണം അവസാനഘട്ടത്തിലാണ്. നൂറോളം തൊഴിലാളികളുടെ ഏറെനാളത്തെ പ്രയത്‌നമാണ് പൂരം വെടിക്കെട്ട്. ഇന്ന് വൈകിട്ട് ഏഴിന് പാറമേക്കാവ് വിഭാഗമാണ് ആദ്യം കമ്പക്കെട്ടിന് തിരികാളുത്തുക. പിന്നീട് തിരുവമ്പാടിയും കരിമരുന്ന് പ്രയോഗം നടത്തും. വൈകീട്ട് ഏഴ് മുതൽ രാത്രി എട്ടര വരെയാണ് സാമ്പിൾ വെടിക്കെട്ടിന്റെ സമയം.

നാളെ പൂരവിളംബരം
പൂരത്തിന് വിളംബരം അറിയിച്ച് നാളെ നെയ്തലക്കാവിലമ്മ തെക്കെഗോപുര നട തുറക്കും. കൊച്ചിൻ ദേവസ്വം ശിവകുമാറിന്റെ ശിരസിലേറി വരുന്ന ഭഗവതി മണികണ്ഠനാലിൽ നിന്ന് മേളത്തോടെയാണ് വടക്കുന്നാഥനിലെത്തുക. ശ്രീമൂല സ്ഥാനത്ത് മേളം കലാശിച്ച് വടക്കുന്നാഥനെ വണങ്ങി പതിനൊന്നരയോടെ തെക്കെഗോപുര നട തുറക്കും. പൂരദിവസം രാവിലെ കണിമംഗലം ശാസ്താവാണ് ആദ്യം തെക്കെഗോപുര നട വഴി വടക്കുന്നാഥനിലേക്ക് പ്രവേശിക്കുക.


36 മണിക്കൂർ മദ്യനിരോധനം

തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 19ന് പുലർച്ചെ രണ്ട് മുതൽ 20ന് ഉച്ചയ്ക്ക് രണ്ടുവരെ കോർപറേഷൻ പരിധിയിലെ എല്ലാ മദ്യവിൽപ്പനശാലകളും കള്ളുഷാപ്പ്, ബിയർ ആൻഡ് വൈൻ പാർലറുകൾ, ബാർ എന്നിവ പൂർണമായും അടച്ചിടുന്നതിനും മദ്യം, മറ്റു ലഹരി വസ്തുക്കളുടെ വിൽപ്പനയും നിരോധിച്ച് കളക്ടർ ഉത്തരവിട്ടു.


മേൽനോട്ടത്തിന് ഉദ്യോഗസ്ഥർ
പൂരത്തോടനുബന്ധിച്ച് പ്രധാന ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി കളക്ടർ ഉത്തരവിട്ടു. എല്ലാ ചടങ്ങുകളുടെയും സമ്പൂർണ മേൽനോട്ടവും നോഡൽ ഓഫീസറായും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളിയെ നിയോഗിച്ചു. പാറമേക്കാവ് സാമ്പിൾ, മുഖ്യ വെടിക്കെട്ട്, കുടമാറ്റം എന്നിവയുടെ ചുമതല സബ് കളക്ടർ മുഹമ്മദ് ഷഫീക്കിനും തിരുവമ്പാടി വിഭാഗം സാമ്പിൾ, മുഖ്യ വെടിക്കെട്ട് ചുമതല എന്നിവ ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) അതുൽ എസ്. നാഥും വഹിക്കും.


നഗരത്തിൽ ഗതാഗത നിയന്ത്രണം

ഇന്ന് വൈകിട്ട് നാലു മുതൽ സ്വരാജ് റൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. റോഡരികിൽ പാർക്ക് ചെയ്ത മറ്റ് വാഹനങ്ങൾക്ക് പോകാൻ തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ട്രാഫിക്ക് എസ്.എച്ച്.ഒ അറിയിച്ചു. വൈകീട്ട് മുതൽ സ്വരാജ് റൗണ്ടിലേക്ക് വാഹനങ്ങൾ കടത്തി വിടില്ല. സ്വകാര്യ ബസുകൾ താത്കാലിക സ്റ്റാൻഡുകളിൽ സർവീസ് അവസാനിപ്പിക്കണം.