1

തൃശൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശമേകി മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ന്യായ് റാലി. പൂങ്കുന്നം മുരളീമന്ദിരത്തിന് മുൻപിൽ നിന്നും ആരംഭിച്ച റാലിയിൽ നിരവധി പേർ പങ്കെടുത്തു. ക്ഷേമപെൻഷൻ കിട്ടാതെ തെരുവിൽ പിച്ചച്ചട്ടിയുമായി ഇറങ്ങേണ്ടി വന്ന മറിയക്കുട്ടിയും, ഗ്യാസ് വിലവർദ്ധനവിന്റെ പ്രതീകമായി ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറും, മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ സ്വർണ്ണക്കടത്തിനെ ഓർമ്മിപ്പിച്ച് ബിരിയാണി ചെമ്പിലെ സ്വർണക്കടത്തും, സിദ്ധാർത്ഥിന്റെ മരണവും റാലി ഉണ്ടായി.
പൊതുസമ്മേളനം മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വീണ്ടെടുപ്പിന് കോൺഗ്രസ് അധികാരത്തിലെത്തേണ്ടത് ആവശ്യമാണെന്ന് അവർ പ്രവർത്തകരെ ഓർമ്മിപ്പിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി. നിർമ്മല അദ്ധ്യക്ഷയായി. ധർമ്മജൻ ബോൾഗാട്ടി, മഹിളാ കോൺഗ്രസ് നേതാക്കളായ സുബൈദ മുഹമ്മദ്, സ്വപ്‌ന രാമചന്ദ്രൻ, ലാലി ജയിംസ്, ലീലാമ്മ തോമസ്, ബിന്ദു കുമാരൻ, സ്മിത മുരളി, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി വിൻസെന്റ്, കൺവീനർ കെ.ആർ. ഗിരിജൻ, മുൻ എം.എൽ.എ അനിൽ അക്കര സംസാരിച്ചു.