seva

തൃശൂർ : പൂരത്തിൽ രണ്ട് പതിറ്റാണ്ടിന്റെ സേവനവുമായി സേവാഭാരതി. ഇത്തവണ കാൽലക്ഷത്തോളം പേർക്ക് അന്നദാനമുൾപ്പെടെയുള്ള വിപുലമായ സേവനങ്ങൾക്കാണ് രൂപം നൽകിയിരിക്കുന്നത്. പൂര ദിവസം രാവിലെ 11 മുതൽ രാത്രി വരെ ചിന്മയ ഹാളിലും തെക്കേ മഠം ലക്ഷ്മി കല്യാണ മണ്ഡപത്തിലുമായി 25,​000 പേർക്ക് അന്നദാനം നൽകും. തെക്കേ ഗോപുരനട, മണികണ്ഠനാൽ, പഴയ നടക്കാവ്, നായ്ക്കനാൽ, വടക്കെ ബസ് സ്റ്റാൻഡ്, കിഴക്കെകോട്ട, പാറമേക്കാവ്, കോർപ്പറേഷൻ പരിസരം എന്നിവിടങ്ങളിൽ ഔഷധ കുടിവെള്ള വിതരണം നടത്തും.
മൂന്ന് ഇടങ്ങളിൽ സൗജന്യ മെഡിക്കൽ എയ്ഡ് പോസ്റ്റും എട്ട് ആംബുലൻസും ഉണ്ടാകും. അഞ്ഞൂറോളം സന്നദ്ധ സേവകരും ഉണ്ടാകും. ഇൻഫർമേഷൻ സെന്ററും പ്രവർത്തിക്കും. സേവാ പ്രവർത്തനങ്ങളിൽ ഡോ.എം.കെ.സുദർശൻ, ടി.എസ്.പട്ടാഭിരാമൻ, ഫാ.ജോസ് നന്തിക്കര, സ്വാമി നന്ദാത്മജാനന്ദ തുടങ്ങിയവർ പങ്കെടുക്കും. കഴിഞ്ഞവർഷം കുടമാറ്റത്തിലടക്കം തലകറങ്ങി വീണവരടക്കം 120 ലേറെ പേർക്ക് മെഡിക്കൽ സേവനം നൽകിയതായും ഭാരവാഹികൾ അവകാശപ്പെട്ടു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കെ.സുരേഷ്, സ്വാഗത സംഘം ജനറൽ കൺവീനർ എം.ജി.സംഗമേശ്വരൻ, റിട്ട. മേജർ ജനറൽ ഡോ.ഗോപിനാഥൻ, അഡ്വ.എ.പി.വാസവൻ തുടങ്ങിയവർ പങ്കെടുത്തു.