
തൃശൂർ: ഏതാനും വർഷമായി തൃശൂർ പൂരത്തിന് മുൻപേ ഉണ്ടാകാറുള്ള ഉദ്യോഗസ്ഥതല തടസങ്ങളും കർശന നിർദ്ദേശങ്ങളും ഈയാണ്ടിലും ഉണ്ടായെങ്കിലും ഒടുവിൽ പ്രതിസന്ധികളൊഴിഞ്ഞ് പൂരം പുലരുന്നു. ജനലക്ഷങ്ങൾ കാത്തിരുന്ന പൂരം നാളെ. അവസാനവട്ട ഒരുക്കവും പൂർണം. എഴുന്നള്ളിപ്പും വെടിക്കെട്ടുമാണ് എല്ലാ വർഷവും ഉദ്യോഗസ്ഥരുടെ നിബന്ധനകൾക്ക് മുന്നിൽ കുരുങ്ങാറ്.
ഈയാണ്ടിൽ വനംവകുപ്പിന്റെ വിവാദമായ നാട്ടാന സർക്കുലറും ആനകളുടെ ഫിറ്റ്‌നസ് പരിശോധനയുമാണ് കടമ്പയായത്. സർക്കുലർ വന്നതിന് പിന്നാലെ അത് തിരുത്തുമെന്നും ഉത്സവപരിപാടികൾ ആചാരമനുസരിച്ച് നടത്തുന്നതിനാണ് പ്രാധാന്യമെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയെങ്കിലും ആശങ്ക ഒഴിഞ്ഞില്ല. തൊട്ടുപിന്നാലെ വനംവകുപ്പിലെ ഡോക്ടർമാരും ആനകളെ പരിശോധിക്കണമെന്ന വനംവകുപ്പിന്റെ ഉത്തരവും വന്നു. ഇതോടെ വീണ്ടും പ്രതിസന്ധിയായി. ഒടുവിൽ റവന്യൂമന്ത്രിയും വനംമന്ത്രിയും ഇടപെട്ടാണ് ഉത്തരവ് തിരുത്തിയത്.
സുരക്ഷ കടുക്കും
പൂരത്തിന് എഴുന്നള്ളിക്കുന്ന ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം ആറ് മീറ്ററായിരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടയിൽ തീവെട്ടി, ചെണ്ടമേളം ഉൾപ്പെടെ ഒന്നും പാടില്ലെന്നും ഇത് കർശനമായി പാലിക്കണമെന്നും ഉത്തരവിട്ടു. ജനങ്ങളുടെ സുരക്ഷയാണ് മറ്റെന്തിനേക്കാളും പ്രധാനമായി കണക്കാക്കേണ്ടതെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച പറ്റില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. അതുകൊണ്ട് ഈയാണ്ടിലെ പൂരത്തിന് ഉദ്യോഗസ്ഥരുടെ സുരക്ഷാനിർദ്ദേശം കടുക്കും. നൂറോളം ആനകളെയാണ് പൂരത്തിന് എഴുന്നള്ളിക്കുക. കളക്ടർ അദ്ധ്യക്ഷനായ സമിതിയാണ് ഫിറ്റ്‌നെസ് പരിശോധനയ്ക്ക് നേതൃത്വം നൽകുക. ആനകൾ ഫിറ്റാണെന്ന് ഉറപ്പാക്കേണ്ടത് വനംവകുപ്പിന്റെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവാദിത്വമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
സഹായവുമായി മിനി കൺട്രോൾ റൂം
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി പൂരനഗരിയിൽ പൂരം കൺട്രോൾറൂമിന് പുറമേ മിനി കൺട്രോൾ റൂമും സജ്ജം. തൃശൂർ പൂരദിനത്തിൽ പൂരം കൺട്രോൾ റൂമിലേക്ക് വരുന്നത് നഷ്ടപെട്ട വസ്തുക്കൾ തേടി മാത്രമല്ല കൂട്ടംതെറ്റി പോയവരെ അന്വേഷിച്ചും ആളെത്തും.
ഇത്തരം വസ്തുക്കളും കൂട്ടംതെറ്റിപോയ വ്യക്തികളെയും പെട്ടെന്നുതന്നെ കണ്ടെത്താനായി മിനി കൺട്രോൾ റൂം ഉപകരിക്കും. കൺട്രോൾ റൂമിലെ തിരക്ക് കുറയ്ക്കാനും സഹായിക്കും.
അതിവേഗം സഹായം
പൂരം കൺട്രോൾ റൂമിൽ നിന്നും തത്സമയം മെസേജും മറ്റ് നിർദ്ദേശങ്ങളും
ഒരു സബ് ഇൻസ്‌പെക്ടറുടെ മേൽനോട്ടം
ഡ്യൂട്ടിക്ക് മറ്റു പൊലീസ് ഉദ്യോഗസ്ഥരും
നാല് മിനി കൺട്രോൾ റൂം
തെക്കേഗോപുര നടയിൽ പ്രധാന കൺട്രോൾ റൂം
നടുവിലാൽ ജംഗ്ഷൻ
ബിനി ജംഗ്ഷനിലുള്ള പെട്രോൾ പമ്പിന് സമീപം
ജോയ് ആലുക്കാസ് ജ്വല്ലറിക്ക് സമീപം
ജയ ബേക്കറി ജംഗ്ഷൻ