തൃശൂർ: നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരികയും തൃശൂരിൽ താമര വിരിയുകയും ചെയ്താൽ രാജ്യത്തിന്റെ തലസ്ഥാനത്തെ പ്രധാന വീഥികൾക്ക് ശ്രീനാരായണഗുരുവിന്റെയും മന്നത്ത് പത്മനാഭന്റെയും പേര് നൽകാനുള്ള ശ്രമം നടത്തുമെന്ന് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി. ബി.ഡി.ജെ.എസിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും സംയുക്ത ജില്ലാ ഭാരവാഹി യോഗത്തിൽ സ്വീകരണമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുദേവന്റെ പേരിൽ റോഡ് നാമകരണം ചെയ്യണമെന്ന് കേരളകൗമുദി ആവശ്യപ്പെട്ടിരുന്നു. ഗുരുദേവനും മന്നവും മഹാരഥന്മാരാണ്. അവർ ആദ്ധ്യാത്മിക ആചാര്യന്മാർ മാത്രമല്ല,​ മനുഷ്യ ജീവിതത്തിന് വഴി കാട്ടിയായവരാണ്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം യോഗം നിവേദനം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു.