balat
വോട്ടിംഗ് മിഷ്യനുകൾ മോക്ക് പോളിംഗിനു ശേഷം സ്ട്രോണ്ട് റൂമിലേക്ക് മാറ്റുന്നു

ചെറുതുരുത്തി: തിരഞ്ഞെടുപ്പിനായുള്ള വിവി പാറ്റ് മെഷീനുകളിൽ ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും സജ്ജീകരിച്ചു. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്നലെ രാവിലെ ഏഴ് മുതലാണ് ഒരുക്കങ്ങൾ ആരംഭിച്ചത്. ചേലക്കര മണ്ഡലത്തിലെ 177 ബൂത്തുകളിലേക്കുള്ള 230 വിവി പാറ്റ് മെഷീനുകളാണ് തിരഞ്ഞെടുപ്പിനു മന്നോടിയായി സജ്ജമാക്കി ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയത്. കേടുപാടുകൾ സംഭവിക്കുന്ന യന്ത്രങ്ങൾക്ക് ബദലായി 25% വിവി പാറ്റ് മെഷീനുകൾ അധികമായി കരുതിയിട്ടുണ്ട്. ഇതിനോടൊപ്പം എ.ആർ.ഒയുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒൻപത് ബൂത്തുകളിൽ മോപ്പ് പോളിംഗ് നടത്തി. എ.ആർ.ഒ എം.എ. ആശയുടെയും, തലപ്പിള്ളി താലൂക്ക് തഹസിൽദാറും ഇ.ആർ.ഒയുമായ എം.സി. അനുപമന്റെയും നേതൃത്വത്തിൽ 180 ഓളം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസുകാരുമാണ് ഇതിനായി ഉണ്ടായിരുന്നത്. മെഷീനുകൾ സെറ്റ് ചെയ്തശേഷം പ്രത്യേകം സജ്ജമാക്കിയ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി. പൊലീസ് കാവലുള്ള ഈ മുറികളിൽ നിന്ന് മെഷീനുകൾ 25ന് വിവിധ പ്രദേശങ്ങളിലെ ബൂത്തുകളിലേക്ക് വിതരണം ചെയ്യും.