ചേർപ്പ് : പാറളം കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്‌സ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു. ആരോഗ്യ കേന്ദ്രത്തിൽ മികച്ച സൗകര്യങ്ങളും സേവനങ്ങളും ഒരുക്കിയതിനാണ് അംഗീകാരം. സർക്കാരിന്റെയും പാറളം പഞ്ചായത്തിന്റെയും ഇടപെടലുകളും നേട്ടത്തിന് വഴിവച്ചു. സംസ്ഥാനത്തെ മൂന്ന് ആരോഗ്യ കേന്ദ്രങ്ങൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ വിദഗ്ദ്ധ സംഘം ആരോഗ്യ കേന്ദ്രത്തിലെത്തി പരിശോധന നടത്തുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഫാർമസി, എച്ച്.ഐ, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വിഭാഗം, പൊതുജനാരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ, അമ്മാടം, വെങ്ങിണിശ്ശേരി എന്നിവിടങ്ങളിലെ സബ് സെന്ററുകളുടെ പ്രവർത്തനം എന്നിവ വിലയിരുത്തിയാണ് പുരസ്കാരം.
കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികൾ ഉൾപ്പടെയുള്ളവർക്ക് മികച്ച സൗകര്യങ്ങളും സേവനങ്ങളും ഒരുക്കിയതിന്റെ ഭാഗമായാണ് അംഗീകാരം. മികവുറ്റ പ്രവർത്തനങ്ങളുമായി തുടർന്നും മുന്നോട്ടുപോകും.
- ജെയിംസ് പോൾ
(പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)