
മാള: 55,000 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യവിഭവങ്ങൾ പകുതിവിലയ്ക്ക് നൽകിയിരുന്ന കിഴക്കമ്പലം പഞ്ചായത്തിലെ ഭക്ഷ്യ സുരക്ഷാ മാർക്കറ്റിനെതിരെ ഇലക്ഷൻ കമ്മിഷന് പരാതി നൽകി അടപ്പിച്ച സി.പി.എം നടപടി അപലപനീയമാണെന്ന് ട്വന്റി20 പാർട്ടി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ മാളയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. കുറഞ്ഞവിലയിൽ സാധാരണക്കാർക്ക് ഭക്ഷ്യവസ്തുക്കൾ നൽകാൻ സാധിക്കാത്ത സർക്കാർ ട്വന്റി 20 നൽകിയിരുന്ന ഭക്ഷ്യവസ്തുക്കൾക്ക് തടസം സൃഷ്ടിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മെഡിക്കൽ സ്റ്റോറും അടച്ചുപൂട്ടാൻ പരാതി നൽകിയെങ്കിലും കോടതി ഇടപെട്ട് തുറപ്പിച്ചു. ട്വന്റി 20യെ മാളയിലും പ്രവർത്തിപ്പിക്കില്ലെന്ന നിലപാടാണ് സി.പി.എമ്മിനെന്നും ഭാരവാഹികളായ ഡോ.വർഗ്ഗീസ് ജോർജ്, ജോയ് ഇലഞ്ഞിക്കൽ, വിൽസൻ പാറേക്കാട്ട്, രാജു മേലേടത്ത് എന്നിവർ പറഞ്ഞു.