പാവറട്ടി: സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുനാൾ വെടിക്കെട്ടിന് അനുമതി. പള്ളിയുടെ മുൻവശത്തെ സ്ഥലത്ത് വെടിക്കെട്ട് പൊതുപ്രദർശനം നടത്താൻ അനുവദിച്ച് എ.ഡി.എം ടി. മുരളി ഉത്തരവിട്ടു. ലൈസൻസി നിർദ്ദേശങ്ങൾ പാലിച്ച് വേണം വെടിക്കെട്ട്. അനുമതിയില്ലാത്ത വെടിക്കെട്ട് സാമഗ്രികൾ ഉപയോഗിച്ചാൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.


കനത്ത സുരക്ഷയിൽ വെടിക്കെട്ട്

*ഹൈക്കോടതി നിർദ്ദേശിച്ചത് പ്രകാരം പോർട്ടബിൾ മാഗസിൻ സജ്ജീകരിക്കണം.

*മാഗസിന് 45 മീറ്റർ അകലത്തിൽ ബാരിക്കേഡ് കെട്ടി ലൈസൻസി സുരക്ഷിതമാക്കണം.

*സാങ്കേതിക പരിജ്ഞാനമുളളവരെ മാത്രം വെടിക്കെട്ട് പ്രദർശന പ്രവർത്തികൾക്ക് നിയോഗിക്കണം, ഇവർക്ക് യൂണിഫോം നിർബന്ധമാക്കണം. ഇവരുടെ പേരുവിവരങ്ങൾ ബന്ധപ്പെട്ട പൊലീസ് / റവന്യൂ അധികാരികൾക്കു നൽകണം.

*ഗുണ്ട്, അമിട്ട്, കുഴിമിന്നൽ എന്നിവയും വെടിക്കെട്ട് സാമഗ്രികളിൽ നിരോധിത രാസവസ്തുക്കൾ ഉപയോഗിക്കരുത്.

*വിവിധ വകുപ്പുകളുടെ അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണം.

*100 മീറ്റർ അകലത്തിൽ ബാരിക്കേഡ് നിർമിച്ച് കാണികളെ മാറ്റണം. മുന്നിറിയിപ്പ് നൽകുന്നതിന് ഉച്ചഭാഷിണി സൗകര്യവും ഏർപ്പെടുത്തണം. ഇവ പൊലീസ് ഉറപ്പാക്കണം.

*ആംബുലൻസ് സൗകര്യം ഒരുക്കണം, അത്യാഹിത ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് വൈദ്യസഹായം നൽകുന്നതിനുള്ള നടപടികളും സ്വീകരിക്കണം.

*വെടിക്കെട്ട് പ്രദർശനം പൂർണമായും ലൈസൻസി വീഡിയോഗ്രാഫി ചെയ്ത് എഡിറ്റ് ചെയ്യാത്ത കോപ്പി 3 ദിവസത്തിനകം എ.ഡി.എമ്മിന്റെ കാര്യാലയത്തിൽ സമർപ്പിക്കണം.

*വെടിക്കെട്ട് മാഗസിന് ആവശ്യമായ സുരക്ഷ ഏർപ്പെടുത്തണം.

*വെടിക്കെട്ടിന് ശേഷം പൊട്ടിതീരാത്ത പടക്കങ്ങൾ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണം