kari

തൃശൂർ : ആകാശം നിറയെ മാരിവില്ലിൻ നിറങ്ങൾ. ദൃശ്യ മനോഹാരിതയുമായെത്തിയ അമിട്ടുകൾ ആകാശക്കുട ചൂടി. ഓലപ്പടക്കവും ഗുണ്ടും തീർത്ത ശബ്ദതരംഗത്തിൽ ഹർഷാരവം മുഴക്കി വെടിക്കെട്ട് പ്രേമികൾ. ശേഷം ആകാശക്കീറിലെ മറ്റൊരു വെൺമേഘം പോലെ വെളുത്ത പുകച്ചുരുളുകൾ. അഗ്‌നിക്കീറുകളുടെ വിസ്മയലോകം തീർത്ത്, വരാനിരിക്കുന്ന പൂരം വെടിക്കെട്ട് ഇതിലും 'കലക്കു' മെന്ന മുന്നറിയിപ്പുമായി സാമ്പിൾ.

ഡാൻസിംഗ് അംബ്രല്ലയും ഹൃദയാകൃതിയിൽ വിടർന്ന പ്രേമലു അമിട്ടും ഗുണകേവുമെല്ലാം ആകാശമേലാപ്പിൽ വിസ്മയം സൃഷ്ടിച്ചു. ശബ്ദം കുറച്ച് വർണവിന്യാസത്തിന് പ്രാധാന്യം നൽകിയായിരുന്നു വെടിക്കെട്ട്. പാറമേക്കാവ് വിഭാഗമാണ് ആദ്യം സാമ്പിളിന് തിരി പകർന്നത്. ഓലപ്പടക്കത്തിൽ തുടങ്ങി വർണത്തിൽ കുളിച്ച് അമിട്ടുകൾ വിണ്ണിലേക്ക് കുതിച്ചുയർന്ന് വിസ്മയം സൃഷ്ടിച്ച് ഒടുക്കം നഗരത്തെ കിടുക്കി ഗുണ്ടുകളുടെ കൂട്ടപൊരിച്ചിലേക്ക് വഴിമാറി.

രാത്രി 7.45ന് പാറമേക്കാവ് തിരികൊളുത്തിയത് മൂന്ന് മിനിറ്റോളം നീണ്ടു. അര മണിക്കൂറിന് ശേഷം തിരുവമ്പാടി വിഭാഗം 8.20 നാണ് കമ്പക്കെട്ടിന് തുടക്കമിട്ടു. പതുക്കെ തുടങ്ങി ഒടുവിൽ കലാശത്തിലേക്ക് എത്തിയപ്പോൾ പൂരനഗരിയെ വിറപ്പിച്ചായിരുന്നു കൂട്ടപ്പൊരിച്ചിൽ. ഇരുവിഭാഗത്തിനും ഇത്തവണ മുണ്ടത്തിക്കോട് സതീഷാണ് ആകാശപ്പൂരമൊരുക്കിയത്. കർശന സുരക്ഷയാണ് വെടിക്കെട്ടിന് ഒരുക്കിയത്. പെസോ അധികൃതർ, കളക്ടർ വി.ആർ.കൃഷ്ണ തേജ, എ.ഡി.എം മുരളി, സബ് കളക്ടർ മുഹമ്മദ് ഷെഫീക്, ഡി.ഐ.ജി അജിത ബീഗം, സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ, എ.സി.പി കെ.സുദർശൻ, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.ബാലഗോപാൽ, സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ.സുന്ദർമേനോൻ, സെക്രട്ടറി കെ.ഗിരീഷ് ഉൾപ്പടെയുള്ളവർ നേതൃത്വം നൽകി.

ഒഴുകിയെത്തി ജനക്കൂട്ടം

അഗ്‌നിപ്പൂക്കളുടെ വിസ്മയനടനം കാണാൻ സ്ത്രീകളും കുട്ടികളുമുൾപ്പെടെ വൻജനാവലിയെത്തി. വൈകീട്ട് നാലോടെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ മറ്റ് ജില്ലകളിൽ നിന്നുള്ളവർ വെടിക്കെട്ട് കാണാനെത്തി തുടങ്ങിയിരുന്നു. ആറോടെ സ്വരാജ് റൗണ്ടിന് ചുറ്റും ജനനിബിഡമായി. സ്വരാജ് റൗണ്ടിലേക്ക് പെസോ അനുവദിച്ച സ്ഥലങ്ങളിലേക്ക് മാത്രമാണ് ആളുകളെ കയറ്റിയത്. മറ്റു സ്ഥലങ്ങളിൽ വടം കെട്ടിയും ബാരിക്കേഡ് സ്ഥാപിച്ചും ജനത്തെ നിയന്ത്രിച്ചു.