തൃശൂർ: രണ്ട് പതിറ്റാണ്ട് മുമ്പ് നെറ്റിപ്പട്ട നിർമ്മാണം തുടങ്ങിയ അരിമ്പൂർ ഉദയനഗറിലെ ചേന്നാട്ട് സോഹന്റെ (48) സ്‌പെഷ്യൽ കുടകൾ ഇത്തവണയും പൂരത്തിനുണ്ടാകും. പാറമേക്കാവിന്റെ കുടമാറ്റത്തിലാണ് സോഹന്റെ 14 കുടകളുണ്ടാകുക.
ആറ് വർഷമായി പാറമേക്കാവിനു വേണ്ടി കുടകളുണ്ടാക്കാൻ തുടങ്ങിയിട്ട്. നാലംഗ സംഘം ഒരു മാസം കഠിനാദ്ധ്വാനം ചെയ്താണ് കുടകൾ ഒരുക്കിയത്. സ്വർണ നിറത്തിലുള്ള ചെറുകുമിളകൾ പതിപ്പിച്ചവയാണ് സ്‌പെഷ്യൽ കുടകൾ. ഫാൻസി നെറ്റിപ്പട്ടങ്ങൾ, കോലം, തിടമ്പ് എന്നിവയായിരുന്നു ആദ്യകാലത്ത് സോഹൻ പ്രധാനമായും നിർമ്മിച്ചിരുന്നത്.
സാധാരണത്തേതിൽ നിന്ന് വ്യത്യസ്തമാണ് സ്‌പെഷ്യൽ കുടകൾ. ഇവയ്ക്ക് യഥാർത്ഥ കുടയുടെ ആകൃതിയുണ്ടാകില്ല. വാൽക്കണ്ണാടി, നെറ്റിപ്പട്ടം, കോലം, ആലവട്ടം തുടങ്ങിയവയുടെ രൂപങ്ങളിലുള്ള സ്‌പെഷ്യൽ കുടകളാണ് സോഹൻ ഇതുവരെ നിർമ്മിച്ചത്.
ഒരു കുടയിൽ 2,000 കുമിളകൾ
വെൽവെറ്റ്, ഫൈബറിൽ സ്വർണനിറം പൂശിയ കുമിളകൾ എന്നിവയാണ് സ്‌പെഷ്യൽ കുടകളുടെ പ്രധാന നിർമ്മാണ സാമഗ്രികൾ. ഗോളക, നാഗപടം, കുമിളകൾ, ചൂരപ്പൊളി, ശൂലം, ചന്ദ്രക്കല എന്നിവ കൃത്യമായ അളവിലും അകലത്തിലും കലാപരമായി വച്ചുപിടിപ്പിക്കണം. ഒരു കുടയിൽ ഏകദേശം രണ്ടായിരത്തോളം ചെറുകുമിളകളുണ്ടാകും. കുടനിർമ്മാണത്തിനുള്ള വസ്തുക്കൾ സ്വന്തമായാണ് സോഹൻ ഉണ്ടാക്കുന്നത്. ഇതിനായി പാലക്കാട്ട് പ്രത്യേകം നിർമ്മാണശാലയുണ്ട്. ഭാര്യ ഷീമ. മക്കൾ: ധനുർദേവ്, ധനശ്രീ (വിദ്യാർത്ഥികൾ).
ഒരു നിയോഗമെന്ന പോലെയാണ് പാറമേക്കാവിനു വേണ്ടി സ്‌പെഷ്യൽ കുടകൾ നിർമ്മിക്കാൻ അവസരമുണ്ടായത്.
- സോഹൻ