ഹിറ്റാകാൻ പ്രസാദിന്റെ ഫൈബർ കുടകൾ
തൃശൂർ: ചിത്രകലയും പൂരത്തിനുള്ള സ്‌പെഷ്യൽ കുട നിർമ്മാണവും പ്രസാദിന് രണ്ടല്ല. ചിത്രമെഴുത്തിലെ വർണബോധവും കുടനിർമ്മാണത്തിലെ വൈദഗ്ദ്ധ്യവും ചേരുമ്പോൾ ഈ ചിത്രകലാ അദ്ധ്യാപകനിൽ നിന്ന് പിറക്കുന്നത് പുതുമയാർന്ന ഫൈബർ കുടകൾ.
22 വർഷമായി കുന്നംകുളം എക്‌സൽ പബ്ലിക് സ്‌കൂൾ ചിത്രകലാ അദ്ധ്യാപകനാണ് പൂങ്കുന്നം സീതാറാം മിൽ ലൈനിലെ പ്രസാദ് തോട്ടപ്പാത്ത്. 20 വർഷമായി സ്‌പെഷ്യൽ കുട നിർമ്മിക്കുന്നു. പൂരപ്രേമിയായ പ്രസാദ് സ്വയം പഠിച്ചതാണ് സ്‌പെഷ്യൽ കുടനിർമ്മാണം. ഓരോ വർഷത്തെയും രൂപക്കുടകളിൽ വൈവിദ്ധ്യം കൊണ്ടുവരാൻ ശ്രമിക്കുന്ന പ്രസാദ് (40) ഇത്തവണ പൂരത്തിൽത്തന്നെ ആദ്യമായി വടക്കുന്നാഥന്റെ പ്രഭാമണ്ഡലത്തിന്റെ മാതൃകയിലും കുടയൊരുക്കിയിട്ടുണ്ട്.
ശ്രീരാമന്റെ കാൽച്ചുവട്ടിൽ ചമ്രംപടിഞ്ഞിരിക്കുന്ന ഹനുമാന്റെ രൂപമാണ് മറ്റൊന്ന്. തിരുവമ്പാടിക്കായി തീയിൽ കുരുത്ത രീതിയിലുള്ള ഭഗവതിക്കുട വഴിപാടായി നിർമ്മിച്ചു നൽകുന്നുണ്ട്. പാറമേക്കാവിനായി രണ്ടു സെറ്റ് കുടകളും ചക്കുളത്തുകാവ് അമ്മയുടെ രൂപത്തിൽ തിരുവമ്പാടിക്ക് ഒരു സെറ്റ് കുടയുമുണ്ടാക്കി. രൂപക്കുടകളെന്ന ആശയം 20 കൊല്ലം മുമ്പ് കൊണ്ടുവന്നു. അന്ന് ഫ്‌ളക്‌സിലാണ് തയ്യാറാക്കിയത്. ഫ്‌ളക്‌സ് വന്ന കാലമാണത്. തൃശൂരിൽ പ്രിന്റിംഗ് ഇല്ലാത്തതിനാൽ എറണാകുളത്തു നിന്ന് തയ്യാറാക്കി. പുലികളി, ശിവൻ പാർവതി, കരിങ്കാളി, മയിൽ എന്നിവയാണ് ആദ്യകാലത്ത് ഉണ്ടാക്കിയത്.
കുട വിരിയുന്നത് കൂട്ടായ്മയിൽ
കളിമണ്ണിൽ മോൾഡ് ഒരുക്കിയാണ് നിർമ്മാണം. ഒരു കുടയ്ക്ക് പത്തടി നീളവും ആറടി വിതിയുമുണ്ട്. ഒരു സെറ്റ് കുട നിർമ്മിക്കാൻ 1.25 - 1.35 ലക്ഷമാകും. കുടുംബാംഗങ്ങളും പതിനഞ്ചോളം സുഹൃത്തുക്കളും നിർദ്ദേശങ്ങളും സഹായവുമായി ഒപ്പമുണ്ട്. നാല് ജോലിക്കാരും ചേർന്ന് ഒന്നര മാസത്തെ കഠിനാദ്ധ്വാനത്തിലാണ് കുടകളൊരുങ്ങിയത്. വീട്ടിലാണ് നിർമ്മാണം. ഭാര്യ: ശരണ്യ. മകൻ: ദക്ഷ് (വിദ്യാർത്ഥി).
കുട നിർമ്മാണത്തിൽ ചിത്രകല ധാരാളം സഹായിച്ചിട്ടുണ്ട്. ഇനിയും പുതുമ കൊണ്ടുവരും.
- പ്രസാദ്