mohanan

തൃശൂർ: തിരുവമ്പാടി വിഭാഗത്തിന്റെ രണ്ട് വാദ്യപ്രതിഭകൾ ഇക്കുറി പൂരത്തിന്റെ നഷ്ടം. മഠത്തിൽ വരവ് പഞ്ചവാദ്യത്തിൽ ഇടയ്ക്കയുടെ മധുരനാദം പൊഴിച്ച തിച്ചൂർ മോഹനന്റെ വിയോഗത്തിന് പിന്നാലെ വീക്കംചെണ്ട പ്രമാണിയായിരുന്ന തലോർ പീതാംബര മാരാരും ഇന്നലെ വിടവാങ്ങി. തിരുവാലത്തൂർ ശിവനാണ് തിച്ചൂർ മോഹനന്റെ പകരക്കാരൻ.

വീക്കം ചെണ്ട പ്രമാണിയായി തലോർ പീതാംബര മാരാരെയാണ് നിശ്ചയിച്ചിരുന്നത്. പതിറ്റാണ്ടുകളോളം തൃശൂർ പൂരത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. എന്നാൽ ആരോഗ്യകരമായ കാരണങ്ങളാൽ ഒഴിവായിരുന്നു. സഹോദരൻ അനിയൻകുട്ടിയാണ് പകരക്കാരനായി നിശ്ചയിച്ചത്. എന്നാൽ ജ്യേഷ്ഠന്റെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിനും പങ്കെടുക്കാനാകില്ല.

കഴിഞ്ഞ ഡിസംബറിലാണ് തിച്ചൂർ മോഹനൻ അന്തരിച്ചത്. ഇതുകൂടാതെ തിരുവമ്പാടി മേളത്തിൽ നിന്ന് ചെറുശ്ശേരി കുട്ടൻ മാരാർ ഒഴിവായപ്പോൾ, കക്കാട് ശിവനും പെരുവനം ശിവനും പുലയായതിനാൽ പങ്കെടുക്കുന്നില്ല. പാറമേക്കാവ് വിഭാഗത്തിൽ ഇലഞ്ഞിത്തറ മേളത്തിൽ രണ്ടാമനായിരുന്ന പെരുവനം സതീശനും പെരുവനം ശങ്കരനാരായണനും പുല കാരണം പങ്കെടുക്കില്ല.