hot

തൃശൂർ: കടുത്ത വേനൽച്ചൂടിൽ തൃശൂർ പൂരത്തിനെത്തുന്ന ജനങ്ങൾ മുൻകരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ്. അമിതമായ ചൂട് കാരണം നിർജ്ജലീകരണം പോലെയുള്ള അപകടകരമായ അവസ്ഥകൾക്കും തുടർന്നുള്ള അബോധാവസ്ഥ മറ്റ് സങ്കീർണതകൾക്കും മാത്രമല്ല മരണത്തിനും കാരണമായേക്കാം. അതുകൊണ്ട് തൃശൂർപൂരം കാണാനെത്തുന്നവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

നിർദ്ദേശങ്ങൾ

പൂരത്തിന് രണ്ടുദിവസം മുമ്പ് മുതലെങ്കിലും വെള്ളം ധാരാളമായി കുടിക്കേണ്ടതും ഭക്ഷണം ശരിയായി കഴിക്കേണ്ടതുമാണ്.
പൂര ദിവസം പൂരപറമ്പിൽ എത്തും മുമ്പ് തന്നെ ഏഴ് മുതൽ 10 ഗ്ലാസ് വരെ ഉപ്പിട്ട നാരങ്ങാ വെള്ളമോ കഞ്ഞി വെള്ളമോ കുടിക്കുന്നത് നിർജലീകരണം തടയാൻ സഹായിക്കും. എപ്പോഴും വെള്ളം കൈയിൽ കരുതണം.
കുട, തൊപ്പി ധരിക്കണം.
ജലാംശം കൂടുതലുള്ള തണ്ണിമത്തൻ പോലുള്ള പഴം ധാരാളമായി കഴിക്കണം.
കഴിയുന്നതും തണലിൽ നിൽക്കണം.
മദ്യപിക്കുമ്പോൾ നിർജ്ജലീകരണം കൂടാൻ സാദ്ധ്യതയുണ്ട്.
കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസും മറ്റ് ശീതളപാനീയങ്ങളും കുടിക്കുന്നവർ അതിൽ ചേർക്കുന്ന വെള്ളം, ഐസ് എന്നിവ ശുദ്ധജലത്തിൽ തയ്യാറാക്കിയതാണെന്ന് ഉറപ്പുവരുത്തണം.
തീരെ ചെറിയ കുട്ടികളെ പൂരം കാണിക്കാൻ കൊണ്ടുവരാതിരിക്കുന്നതാണ് അഭികാമ്യം.
തുടർച്ചയായി ഒരുപാട് നേരം പൂരം ആസ്വദിക്കാതെ ഇടയ്ക്ക് മാറി വെള്ളം കുടിച്ച് വിശ്രമിച്ച ശേഷം വീണ്ടും കാണുന്നത് നല്ലതാണ്.
ഏതെങ്കിലും തരത്തിലുള്ള ശാരീരിക മാനസിക ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ ഉടനെ അടുത്തുള്ള മെഡിക്കൽ ടീം ആംബുലൻസ് എന്നിവയുടെ സേവനം പ്രയോജനപ്പെടുത്തുക.

സന്നാഹം വിപുലം

പൂരത്തിനിടയിൽ സംഭവിക്കാവുന്ന എല്ലാ അടിയന്തര സാഹചര്യങ്ങളും നേരിടാൻ വിപുലമായ സന്നാഹങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്. പൂരം പ്രത്യേക ഡ്യൂട്ടിക്കായി സ്റ്റാഫ് നഴ്‌സ് പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ നിരവധി പേരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസിലെ പ്രോഗ്രാം ഓഫീസർമാർ എല്ലാവരും തന്നെ ഷിഫ്റ്റ് അനുസരിച്ച് പൂര ദിവസങ്ങളിൽ സേവനം അനുഷ്ഠിക്കും.

250 അംഗസംഘം

ജനറൽ ആശുപത്രിയിൽ 250 പേരടങ്ങുന്ന മെഡിക്കൽ സംഘം ഷിഫ്റ്റ് അടിസ്ഥാനത്തിൽ പൂര ദിനത്തിൽ കൂടുതലായി ജോലി ചെയ്യും. വിവിധ ആശുപത്രികളിൽ നിന്നും ഗവ. മെഡിക്കൽ കോളേജിൽ നിന്നുമുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി. ജനറൽ ആശുപത്രിയിൽ 50 ബെഡുകളും കൂടുതലായി ഒരുക്കിയിട്ടുണ്ട്.

ആംബുലൻസ് സൗകര്യവും

സ്വരാജ് റൗണ്ടിലെ ബാറ്റ, ന്യൂ കേരള ടൈം ഹൗസ്, ധനലക്ഷ്മി ബാങ്ക്, സ്വപ്ന തിയേറ്റർ (നെഹ്രു പാർക്ക് രണ്ടാമത്തെ ഗേറ്റ്), ഹൈറോഡ് ജംഗ്ഷൻ എന്നീ അഞ്ച് പ്രധാന പോയിന്റുകൾക്ക് എതിർവശങ്ങളിലായി ആംബുലൻസ് സൗകര്യം അടക്കമുള്ള മെഡിക്കൽ സംഘങ്ങളുണ്ടായിരിക്കും. സിവിൽ പൊലീസ് ഓഫീസർമാർ, ആരോഗ്യപ്രവർത്തകർ, മരുന്ന്, ഓക്‌സിജൻ സിലിണ്ടർ, മറ്റ് ചികിത്സാ ഉപകരണങ്ങൾ തുടങ്ങിയ സൗകര്യങ്ങളോടെ നാൽപ്പതോളം ആംബുലൻസുകൾ വൈദ്യസഹായം നൽകാൻ സജ്ജമായി പൂരപ്പറമ്പിന് സമീപങ്ങളിൽ ഉണ്ടാകും. തൃശൂരിലെയും സമീപ പ്രദേശങ്ങളിലെയും പ്രധാനപ്പെട്ട എല്ലാ സ്വകാര്യ ആശുപത്രികളിലും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സജ്ജീകരണം ഒരുക്കണമെന്ന ജാഗ്രതാ നിർദ്ദേശവും ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയിട്ടുണ്ട്.