തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാനുള്ള അവസരം ഇന്ന് അവസാനിക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ അതത് നിയമസഭാ മണ്ഡലത്തിലെ പരിശീലന കേന്ദ്രങ്ങളിൽ തയ്യാറാക്കിയ ഫെസിലിറ്റേഷൻ സെന്ററിലും സഹവരണാധികാരിയുടെ ഓഫീസിലും അപേക്ഷിക്കാം. സ്വന്തം പാർലമെന്റ് മണ്ഡലത്തിന് പുറത്ത് ഡ്യൂട്ടി ലഭിച്ചവരാണ് ഫോം 12ൽ അപേക്ഷിക്കേണ്ടത്. പോസ്റ്റിംഗ് ഓർഡർ, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. സ്വന്തം പാർലമെന്റ് മണ്ഡലത്തിൽ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഇലക്‌ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റിന് 22 വരെ അപേക്ഷിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അറിയിച്ചു.