തൃശൂർ: മോദിയുടെ പത്തുവർഷത്തെ ഭരണദുരന്തത്തിന്റെ ഇരയാണ് ഇന്ത്യയെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ. വി.എസ് സുനിൽ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽ.ഡി.എഫ് തൃശൂർ ലോക്‌സഭാ മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിച്ച ഡെമോക്രാറ്റിക് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെല്ലുന്ന ഇടങ്ങളിലെല്ലാം ഗ്യാരന്റി എന്ന് ആവർത്തിക്കുകയല്ലാതെ, നൽകിയ ഗ്യാരന്റി ഒന്നും പോലും പാലിക്കാത്തയാളാണ് പ്രധാനമന്ത്രി.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ഒരു രാജ്യം ഒരു രാഷ്ട്രീയ പാർട്ടി, ഒരു രാജ്യം ഒരു നേതാവ് എന്ന നിലയിലേക്ക് ചുവടുറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇലക്ട്രൽ ബോണ്ട് വിഷയത്തിൽ അരുൺ ജെയ്റ്റ്‌ലി ധനകാര്യ മന്ത്രിയായിരുന്ന സമയത്ത്, പാർലമെന്റിൽ ചർച്ച വന്നതാണ്. അപ്പോൾ പ്രതിപക്ഷം നിലപാട് വ്യക്തമാക്കിയെങ്കിലും അത് വകവയ്ക്കാതെ രാജ്യസഭയിലെ എതിർപ്പിനെ മറികടക്കാൻ ബില്ലായി കൊണ്ടുവന്ന് പാസാക്കി. മോദിയുടെ തലതിരിഞ്ഞ നയങ്ങളെ വിമർശിക്കുന്നവരെ അർബൻ നക്‌സലൈറ്റുകളും മാവോയിസ്റ്റുകളുമായി മുദ്രകുത്തി തുറങ്കിലടയ്ക്കുകയാണെന്നും ഡി.രാജ കുറ്റപ്പെടുത്തി. സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം രാജാജി മാത്യു തോമസ് അദ്ധ്യക്ഷനായി. എൽ.ഡി.എഫ് നേതാക്കളായ എം.കെ.കണ്ണൻ, കെ.പി.രാജേന്ദ്രൻ, കെ.കെ.വത്സരാജ്, പി.ബാലചന്ദ്രൻ എം.എൽ.എ, സി.ആർ.വത്സൻ, ഫ്രെഡി കെ.താഴത്ത് , വി.എസ്.ജയനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.