കൊടുങ്ങല്ലുർ : കുരുംബക്കാവ് ദേവീക്ഷേത്രത്തിൽ ചെട്ടിക്കുളങ്ങര ദേവി ക്ഷേത ദേശക്കാർ പരമ്പരാഗതമായി നടത്താറുള്ള ആചാര അനുഷ്ടാനങ്ങൾ നടത്തി. രാവിലെ ക്ഷേത്രത്തിൽ എത്തിച്ചേർന്ന 13 കരകളുടെ സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ട്രസ്റ്റ് ഭാരവാഹികൾ, കരനാഥൻമാർ, ദേവസ്വം ഭാരവാഹികൾ, ക്ഷേത്ര പൂജാരിമാർ, ക്ഷേത്ര കാരായ്മ അവകാശികൾ എന്നിവർ ചേർന്ന് കിഴിപ്പണവും പട്ടുടയാടയും കൊടുങ്ങല്ലുരമ്മയ്ക്ക് സമർപ്പിച്ചു. അവകാശിയായ കൊടുങ്ങല്ലൂർ കോവിലകത്തെ രാജപ്രതിനിധി സുരേന്ദ്ര വർമ്മരാജയ്ക്ക് ചെട്ടിക്കുളങ്ങര ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ട്രസ്റ്റിന്റെ കാഴ്ചക്കുലയും ദക്ഷിണയും വസ്ത്രവും നൽകി. കരക്കാർ അമ്മയുടെ അപദാനങ്ങൾ വാഴ്ത്തിയുള്ള കുത്തിയോട്ട പാട്ടുകൾ പാടി. കൊടുങ്ങല്ലൂരമ്മ ചെട്ടിക്കുളങ്ങര അമ്മയുടെ മാതാവാണെന്നാണ് സങ്കൽപ്പം.