
കുന്നംകുളം: പെങ്ങാമുക്ക് ചെറുവള്ളിക്കടവ് പാലത്തിന് സമീപം ശുദ്ധജല പദ്ധതിയുടെ വാൽവിലൂടെ വൻതോതിൽ കുടിവെള്ളം പാഴാകുന്നു. നൂറ് കണക്കിന് ലിറ്റർ വെള്ളമാണ് പാഴാകുന്നത്. വാൽവിന്റെ തകരാറ് മൂലമാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. മുൻപ് നമ്പര പടവിന്റെ സമീപത്തെ പൈപ്പിന്റെ വാൽവ് തകരാറിലായി വെള്ളം സമീപത്തെ പാടത്തേക്ക് ഒഴുകിയിരുന്നു. കൊയ്ത്തിനൊരുങ്ങിയ പാടത്ത് വെള്ളം നിറഞ്ഞത് മൂലം നെല്ല് കൊയ്‌തെടുക്കാനാകാതെ കർഷകൻ വലഞ്ഞിരുന്നു. കർഷകന്റെ കഷ്ടപ്പാടിനെ പറ്റി വാർത്തവന്നതോടെ ജല അതോറിറ്റി ഉദ്യോഗസ്ഥർ ഈ വാൽവ് അറ്റകുറ്റപണി നടത്തി. ഇതിന് പിന്നാലെയാണ് സമീപത്തെ മറ്റൊരു വാൽവ് ലീക്കായി വെള്ളം പാഴാകുന്നത്. വേനലിൽ വറ്റി വരണ്ട തോട്ടിൽ പൈപ്പിലെ വെള്ളം ഒഴുകി നിറഞ്ഞതായി നാട്ടുകാർ പറയുന്നു. പൈപ്പിന്റെ വാൽവ് അറ്റകുറ്റ പണി നടത്തി വെള്ളത്തിന്റെ ചോർച്ച അടയ്ക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.