1

നിരീക്ഷണത്തിന് അമിക്കസ് ക്യൂറിമാരും

തെച്ചിക്കോട്ടുകാവിനും പച്ചക്കൊടി


തൃശൂർ: തലയാട്ടി ചന്തത്തോടെ കരിവീരൻമാർ തേക്കിൻകാട്ടിൽ നിരന്നു. ആടയാഭരണങ്ങളില്ലാതെ ആസ്വദിച്ച് ആനക്കമ്പക്കാരും. ഇന്നലെ ഉച്ചമുതൽ തന്നെ തേക്കിൻകാട്ടിലേക്കും സി.എം.എസ് സ്‌കൂളിലും പാറമേക്കാവിന്റെ ആനത്താരയിലും നൂറോളം ആനകളാണ് പൂരത്തിൽ പങ്കെടുക്കുന്നതിനുള്ള എൻട്രി പാസിനായി കാത്തുനിന്നത്. കരിവീരക്കൂട്ടങ്ങൾ നിരന്നതോടെ സെൽഫിയെടുത്തും കൊമ്പൻമാരുടെ ചന്തം വർണിച്ചും നിന്നവരുമേറെ.

തിരുവമ്പാടി ചന്ദ്രശേഖരൻ, തിരുമ്പാടി കണ്ണൻ, കുട്ടൻകുളങ്ങര അർജുൻ, ശങ്കരംകുളങ്ങര ഉദയൻ, ഗുരുവായൂർ സിദ്ധാർത്ഥൻ, പുതുപ്പുള്ളി സാധു, പാമ്പാടി സുന്ദരൻ, മച്ചാട് ഗോപാലൻ, പാറന്നൂർ നന്ദൻ, കൂടൽമാണിക്യം മേഘാർജുനൻ, പാറമേക്കാവ് കാശിനാഥൻ, ഗുരുവായൂർ നന്ദൻ, എറണാകുളം ശിവകുമാർ, പല്ലാട്ട് ബ്രഹ്മദത്തൻ, തെച്ചിക്കോട്ടുകാവ് ദേവീദാസൻ, മച്ചാട് ജയറാം, ചെത്തല്ലൂർ ദേവീദാസൻ, വടക്കുന്നാഥൻ ഗണപതി, ഗുരുവായൂർ ദേവദാസ്, പുതുപ്പുള്ളി അർജുൻ, ബാസ്റ്റിൻ വിനയസുന്ദർ, ചെമ്പൂക്കാവ് വിജയകൃഷ്ണൻ തുടങ്ങി മുൻനിര കൊമ്പൻമാരടക്കം നൂറോളം കരിവീരൻമാരാണ് എത്തിയത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും അനുമതി പത്രം ലഭിച്ചു.

കടമ്പകളേറെ

ഇന്നലെ പൂരം വിളംബരം നടത്തിയ ഏറണാകുളം ശിവകുമാറിന് കഴിഞ്ഞ ദിവസം തന്നെ വനം വകുപ്പിന്റെ അനുമതി പത്രം ലഭിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം കർശനമായ വ്യവസ്ഥകൾക്കും പരിശോധനകൾക്കും ശേഷമാണ് അനുമതി നൽകിയത്. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിമാരായ സുരേഷ് മേനോൻ, സന്ദേശ് രാജ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയ ശേഷം റിപ്പോർട്ട് വൈൽഡ് ലൈഫ് വാർഡന് കൈമാറി. കൂടാതെ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഫ്രാൻസിസ്, ഡോ. എ.വി. ഷിബു, ഡോ. ജിജേന്ദ്രകുമാർ, ഡോ. പി.ബി. ഗിരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അമ്പതംഗ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വനംവകുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്നത് സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസെർവേറ്റർ ബി. സജീഷ് കുമാറായിരുന്നു.