mala-ksrtc-dippo
1

മാള: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ താളം കണ്ടെത്താനാകാതെ മാള കെ.എസ്.ആർ‌.ടി.സി ഡിപ്പോ. ജീവനക്കാരുടെ കുറവിനാൽ സ‌ർവീസുകൾ വെട്ടിക്കുറക്കുന്നത് മൂലം ദുരിതം പേറുന്നത് സാധാരണ യാത്രക്കാരാണ്. ഡ്രൈവ‌ർമാരുടെ കുറവാണ് കൂടുതൽ. 56 ഡ്രൈവർമാർ വേണ്ടിടത്ത് 43 പേർ മാത്രമാണുള്ളത്. ഭൂരിഭാഗവും മെഡിക്കൽ ലീവിലും ചിലർ പമ്പ ഡ്യൂട്ടിയിലുമാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇവർ എപ്പോൾ തിരിച്ചെത്തുമെന്ന് ചോദിച്ചാൽ അവ‌‌ർക്കും വ്യക്തതയില്ല. കണ്ടക്ടർ അടക്കം മറ്റ് ജീവനക്കാരുടെ കുറവും മാള കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. നാല് കണ്ടക്ടർമാരുടെ ഒഴിവും നികത്താതെ കിടക്കുകയാണ്. ജീവനക്കാരുടെ കുറവിനാൽ ഓർഡിനറി സർവീസുകൾ പതിവായി മുടങ്ങുന്നത് ഗ്രാമീണ മേഖലയിലേക്കുള്ള യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. കുഴൂർ എരവത്തൂർ വഴി ആലുവ പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾ മുടങ്ങുന്നത് യാത്രക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ബസില്ലെങ്കിൽ ഓട്ടോറിക്ഷ മാത്രമാണ് വീട് അണയാനുള്ള ഏക ആശ്രയം. അവരാണെങ്കിൽ വായിൽ തോന്നിയ ചാർജും വാങ്ങും. മാള- കൊടുങ്ങല്ലൂർ റൂട്ടിലും പല കെ.എസ്.ആർ‌.ടി.സി സർവീസുകളും പതിവായി മുടങ്ങുന്നു. സ്വകാര്യ ബസുകൾ സമയക്രമം പാലിക്കാതെ സർവീസ് നടത്തുന്നതും ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സിക്ക് തലവേദനയാകുന്നു. കെ.എസ്.ആർ.ടി.സി അധികൃതർ പലവട്ടം പൊലീസിൽ പരാതി നൽകിയിട്ടും പ്രശ്‌നം പരിഹരിക്കാൻ പൊലീസിന് ഉത്സാഹമില്ല. സ്വകാര്യ ബസ് മുതലാളിമാരുടെ സമ്മർദ്ധ തന്ത്രങ്ങളിൽ പൊലീസ് അകപ്പെടുന്നോയെന്ന സംശയവും ഇതുണ്ടാക്കുന്നു. മാള- ആലുവ, മാള- തൃശൂർ റൂട്ടുകളിലും ബസുകളുടെ കുറവുണ്ട്. രാവിലെ 8.45ന് കോട്ടയം വഴി തിരുവനന്തപുരം പോയിരുന്ന സൂപ്പർ ഫാസ്റ്റ്, ഇപ്പോൾ കൊല്ലം വരെ ഓടിയിട്ട് തിരിച്ച് തൃശൂരിൽ ചെന്ന് ചാലക്കുടി വഴി മാളയിലെത്തി സർവീസ് അവസാനിപ്പിക്കുകയാണ്. മാള കണക്കൻകടവ്, ആനപ്പാറ കുണ്ടായി, തച്ചപ്പള്ളി പാലം വഴി കൊടുങ്ങല്ലൂർ, മാമ്പ്ര വഴി തുടങ്ങിയ ഉൾനാടൻ ഗ്രാമങ്ങൾ വഴി ഓടിയിരുന്ന സർവീസുകൾ ഒന്നും കൊവിഡിനു ശേഷം കെ.എസ്.ആർ‌.ടി.സി നടത്തുന്നില്ല. കൊവിഡിന് മുമ്പ് 56 ഷെഡ്യൂളുകളുണ്ടായിരുന്ന മാള കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഇപ്പോൾ 24 ഷെഡ്യൂളുകളായി ചുരുങ്ങി. ഗ്രാമീണ മേഖലയിലെ യാത്രക്കാരുടെ യാത്രാ ദുരിതം ഇരട്ടിയാകുമ്പോഴും അതൊന്നും ഗൗനിക്കേണ്ടതില്ലെന്ന മട്ടിലാണ് കെ.എസ്.ആർ.ടി.സിയുടെ സമീപനം.