
തൃശൂർ: കുറ്റൂർ നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരനഗരയിലേക്കൊഴുകിയ ആനപ്രേമികൾക്കിടയിലേക്കെത്തി. രാമചന്ദ്രനെ കാണാൻ ആയിരങ്ങളാണ് തൃശൂർ നഗരം വരെയുള്ള വഴിയോരങ്ങളിൽ കാത്തുനിന്നത്. നെയ്തലക്കാവിലമ്മയെയും രാമചന്ദ്രനെയും കണ്ട് ജനങ്ങൾ ഹർഷാരവം മുഴക്കി. ഓരോ കവലയിലും ജനക്കൂട്ടം രാമനെ പേര് ചൊല്ലി വിളിച്ചു.
തിടമ്പേറ്റാൻ രാമചന്ദ്രനെത്തിയപ്പോൾ മുതൽ ക്ഷേത്രപരിസരം ജനസാഗരമായി. ആറാട്ടും അനുബന്ധ ചടങ്ങും കഴിഞ്ഞ് രാമചന്ദ്രന്റെ ശിരസിലേറി ഭഗവതി പുറത്തേക്കെത്തിയപ്പോൾ ആർപ്പുവിളികളും പുഷ്പവൃഷ്ടിയുമായി തട്ടകക്കാർ ഹരത്തിലായി. ആളുകളെ വടംകെട്ടി നിയന്ത്രിച്ചാണ് നെയ്തലക്കാവിൽ നിന്ന് പൂരനഗരിയിലേക്കുള്ള എഴുന്നള്ളത്ത്. ആളുകളെ നിയന്ത്രിക്കാൻ ക്ഷേത്രത്തിനടുത്ത് 50 പൊലീസുകാരുണ്ടായിരുന്നു. പൂരത്തലേന്ന് വിശദമായ പരിശോധനയ്ക്ക് ശേഷമാണ് തെച്ചിക്കോട്ടുകാവിന് ഫിറ്റ്നസ് അനുവദിച്ചത്.