police

തൃശൂർ: 3500 ഓളം പൊലീസുദ്യോഗസ്ഥരുടെ കനത്ത സുരക്ഷയിലായിരുന്നു തൃശൂർ പൂരം. നിയന്ത്രണങ്ങളും നിബന്ധനകളും കടുപ്പിച്ചപ്പോൾ പലയിടങ്ങളിലും ജനം വലഞ്ഞു. അനാവശ്യമായ ഗതാഗത നിയന്ത്രണത്തിലും എതിർപ്പുണ്ടായി. മുൻവർഷങ്ങളിൽ ജനങ്ങളെ കടത്തിവിട്ടിരുന്ന സ്ഥലങ്ങളിലേക്കൊന്നും ഇക്കുറി അനുവദിച്ചില്ല.
30 ഓളം ഡിവൈ.എസ്.പിമാരും, 60 ഓളം സി.ഐമാരും, 300 ഓളം സബ് ഇൻസ്‌പെക്ടർമാരും, 3000ഓളം സിവിൽ പൊലീസ് ഓഫീസർമാരും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പുവരുത്താനായി 200 ഓളം വനിതാ പൊലീസുദ്യോഗസ്ഥരുമാണ് പൂരം സുരക്ഷയ്ക്കായി അണിനിരന്നത്. എക്‌സിബിഷൻ, ട്രാഫിക് റെഗുലേഷൻ, പാറമേക്കാവ് പൂരം, തിരുവമ്പാടി പൂരം, ചെറു പൂരങ്ങൾ, കുടമാറ്റം, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം എന്നീ പ്രധാന വിഭാഗങ്ങളിലാണ് കൂടുതൽ സുരക്ഷാ വിന്യാസം ഉണ്ടായത്.

സ്‌ട്രൈക്കർ, പിക്കറ്റ്, പട്രോളിംഗ് എന്നിവയ്ക്കും പുറമേ കൺട്രോൾ റൂം,​ മിനി കൺട്രോൾ റൂം,​ എന്നിവിടങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഷാഡോ പൊലീസ് ആന്റി സബോഡിയേറ്റ് ചെക്കിംഗ് വിഭാഗം, തണ്ടർബോൾട്ട്, എൻ.ഡി.ആർ.എഫ്,​ എസ്.ഡി.ആർ.എഫ് എന്നീ സുരക്ഷാ സന്നാഹങ്ങളും സുരക്ഷയ്‌ക്കെത്തി.

ഡ്രോൺ പറത്തുന്നത് കണ്ടെത്തി നിർവീര്യമാക്കാനുള്ള ആന്റി ഡ്രോൺ സിസ്റ്റവും മൊബൈൽ ബാഗേജ് സ്‌കാനർ വിഭാഗവും നഗരത്തിലും പരിസരങ്ങളിലുമായി നിരന്തര നിരീക്ഷണത്തിലുണ്ടായിരുന്നു. നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇന്നലെ രാവിലെ ആറ് മുതൽ ഇന്ന് പകൽപ്പൂരം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണമുണ്ട്. സ്വരാജ് റൗണ്ടിൽ പൂരം അവസാനിക്കും വരെ യാതൊരു വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിച്ചില്ല. പൂര നഗരിയിൽ പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മൂന്ന് ഫോൺ നമ്പർ സജ്ജമാക്കിയിരുന്നു. ഇന്നലെ രാവിലെ 6 മുതൽ മുതൽ നമ്പർ പ്രവർത്തിച്ചു. പൂരം കൺട്രോൾ റൂമിലേക്ക് ബന്ധിപ്പിക്കുന്ന നമ്പർ 24 മണിക്കൂറും പ്രവർത്തിക്കുന്നതായിരുന്നു.