chayappetti

തൃശൂർ: 'ഒന്നും പാഴ് വസ്തുക്കല്ല' ചെമ്പുക്കാവിലെ നിരഞ്ജന വർമ്മയുടെ പലവക ആർട്ട് സ്റ്റുഡിയോ തെളിയിക്കുന്നതാണിത്. പാഴ്‌വസ്തുക്കൾ കൊണ്ടുള്ള ആർട്ട് ഇൻസ്റ്റലേഷനുകളും ചിത്രങ്ങളും കലാപരമായി ഒരുക്കിയ പ്രദർശനം 21ന് സമാപിക്കും. പലവകയിൽ നടന്ന ചിത്രകലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികളുടെ ചിത്രങ്ങൾ, കൊളാഷുകൾ എന്നിവ പ്രദർശനത്തിലുണ്ട്.

പഴയ കുപ്പായത്തുണ്ടുകൾ, ചില്ലുകുപ്പികൾ എന്നിവ മുതൽ പാൽക്കൂടുകൾ വരെ ഉപയോഗപ്പെടുത്തിയാണ് ഇൻസ്റ്റലേഷൻ. 'ചായപ്പെട്ടി' എന്ന പേരിലാണ് പ്രദർശനം. പലവകയിലെ വിദ്യാർത്ഥികളായ ശ്രേയ, ശിവാനി, ഹൃന്ദുന, എൻജോയ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇൻസ്റ്റലേഷൻ ഒരുക്കിയത്. അപ്പൂപ്പൻതാടി വിരിയുന്നതും തൊടിയിലെ ചെടികളുമെല്ലാം ചുമരിലെ വരകളിലുണ്ട്.

ഇംഗ്ലണ്ടിൽ നിന്ന് ആദർശ് വരച്ചയച്ച ചിത്രങ്ങളും പ്രദർശനത്തിനുണ്ട്. നിരഞ്ജനയുടെ സഹോദരൻ നന്ദകിഷോർ വർമ്മ കുറച്ചു നാളുകളായി ഫേസ്ബുക്കിൽ എഴുതിയിരുന്ന കവിതകളും അവയെ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളും പ്രദർശനത്തിൽ പ്രത്യേകം ഒരുക്കിയിട്ടുണ്ട്.