time

തൃശൂർ: പൂരം 30 മണിക്കൂറാണ്, പക്ഷേ അത്രയും നേരത്തെ ടൈം മാനേജ്‌മെന്റ് രണ്ടേകാൽ നൂറ്റാണ്ട് പിന്നിട്ട് ഈയാണ്ടിലും തുടരുന്നു, അണുവിട തെറ്റാതെ. ഇന്നലെ രാവിലെ ആറോടെ തുടങ്ങിയ പൂരം ഇന്ന് ഉച്ചയ്ക്ക് ഉപചാരം ചൊല്ലി പിരിയുന്നതോടെ സമാപിക്കും. ഈ 30 മണിക്കൂറിന് മുമ്പും അതിന് ശേഷവും നടക്കുന്നതെല്ലാം അതത് ക്ഷേത്രങ്ങളിലെ അനുബന്ധ ചടങ്ങ് മാത്രം.
രാവിലെ 7.30 മുതൽ ഘടക പൂരങ്ങളുടെ വരവ്, 11.30ന് പഴയനടക്കാവ് നടുവിൽമഠത്തിൽ മഠത്തിൽവരവ്, രണ്ടോടെ ഇലഞ്ഞിത്തറമേളം, ആറോടെ കുടമാറ്റം... ഓരോ പൂരപ്രേമിയുടെയും മനസിൽ ആ സമയക്രമം എത്രയോ കാലമായി കുടിയേറിയിരിക്കുന്നു.
ലോകത്തെ ഏറ്റവും വലിയ 'ഓർക്കസ്ട്ര'യുടെ താളമേള ഉത്സവമായി പൂരം മാറുമ്പോൾ ഓരോ വർഷവും ജനം കൂടുകയാണ്. പൂരവിളംബരം മുതൽ അത് ദൃശ്യം. വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ ഇലഞ്ഞിത്തറയിൽ പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറമേളം തുടങ്ങുമ്പോഴും ആൾക്കൂട്ടം ഓരോ വർഷവും പെരുകുന്നത് വ്യക്തം. തേക്കിൻകാട് മൈതാനത്ത് പെയ്തിറങ്ങുന്ന പൂരം ഈയാണ്ടിലും അങ്ങനെ ആൾപ്പൂരമായി. ഇന്ന് നട്ടുച്ച വരെ ആ പൂരച്ചൂട് കടുക്കും.