കൊടുങ്ങല്ലൂർ : യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹ്‌നാന്റെ പ്രചാരണത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്നെത്തും. രാവിലെ 11.30ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തുന്ന പ്രിയങ്ക ഹെലികോപ്റ്റർ മാർഗം കൊച്ചിയിൽ നിന്നും എറിയാട് ഭാഗത്തേക്ക് പുറപ്പെടും. പടിഞ്ഞാറെ വെമ്പല്ലൂരിലെ എം.ഇ.എസ് കോളേജ് ഗ്രൗണ്ടിൽ ഇറങ്ങുന്ന പ്രിയങ്ക റോഡ് മാർഗം സമ്മേളനം നടക്കുന്ന ചേരമാൻ പറമ്പ് മൈതാനത്തെത്തും. പിന്നീട് സ്ഥാനാർത്ഥിക്കൊപ്പം വേദി പങ്കിടുന്ന പ്രിയങ്ക പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. ശേഷം ഉച്ചയ്ക്ക് ഒന്നേകാലിന് ഹെലികോപ്റ്റർ മാർഗം പത്തനംതിട്ടയിലേയ്ക്ക് പുറപ്പെടും. പ്രിയങ്കയുടെ വരവുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കോൺഗ്രസ് ചാലക്കുടി ലോക്‌സഭ മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.ജെ. ജോയ് അറിയിച്ചു.