
തൃശൂർ: വടക്കുന്നാഥന്റെ അങ്കണത്തിൽ ഇലഞ്ഞി പൂത്ത് തളിർത്താൽ പൂരം പെരുക്കുമെന്ന് വിശ്വസിക്കുന്ന പൂരപ്രേമികൾക്ക് അത് അനുഭവവേദ്യമായി. കിഴക്കൂട്ടിന്റെ മേളപ്പെരുക്കത്തിൽ, പൂത്ത ഇലഞ്ഞിച്ചുവട്ടിൽ പാണ്ടിയുടെ ഗോപുരം ഉയർന്നു. ഇലഞ്ഞിത്തറയിലെ കന്നിപ്രമാണമായിരുന്നു കഴിഞ്ഞ വർഷമെങ്കിൽ, ഈയാണ്ടിൽ അതിന്റെ അനുഭവസമ്പത്തും തുണയായി. ആറ് പതിറ്റാണ്ടിലേറെ നീണ്ട പൂരപ്പെരുമയുമായാണ് കിഴക്കൂട്ട് ഇലഞ്ഞിത്തറയിലേക്കെത്തിയത്.
വീക്കം ചെണ്ടയും കൊമ്പും കുഴലും ഇലത്താളവുമായി പ്രമാണിമാരെല്ലാം പിന്തുണ നൽകിയതോടെ ഇലഞ്ഞിമരത്തിൻ ചുവട്ടിൽ മേളവും പൂത്തുലഞ്ഞു. രണ്ട് മണിക്കൂറിലേറെ നീണ്ട മേളം കൊട്ടിക്കലാശിക്കുമ്പോൾ പെയ്ത് തോർന്ന മഴ പോലെയായിരുന്നു പൂരനഗരി.
പാറമേക്കാവ് നടയിൽ നിന്ന് ചെമ്പടകൊട്ടി വടക്കുന്നാഥനിലേക്ക് പുറപ്പെട്ട കിഴക്കൂട്ടും കൂട്ടരും പടിഞ്ഞാറെ നടയിലെത്തി ഇലഞ്ഞിമര ചുവട്ടിലെത്തിയപ്പോഴേക്കും ക്ഷേത്രപരിസരം മേളാസ്വാദകരാൽ നിറഞ്ഞിരുന്നു. ഇലഞ്ഞിക്ക് സമീപം നിരന്ന ജനസഞ്ചയത്തെ സാക്ഷിയാക്കി ചെണ്ടയിൽ ആദ്യകോൽ വച്ചു.
അതുവരെയും ശ്വാസമടക്കി നിന്ന പുരുഷാരം ആർപ്പുവിളികളോടെ കിഴക്കൂട്ടിനെ വരവേറ്റു. സൗമ്യതയിൽ തുടങ്ങി രൗദ്രതയിലേക്ക് നീങ്ങിത്തുടങ്ങിയതോടെ ആവേശത്തിലായ ആസ്വാദക വൃന്ദം താളമിട്ടു. മന്ത്രി കെ.രാജനും തൃശൂരിലെ സ്ഥാനാർത്ഥികളായ കെ.മുരളീധരനും വി.എസ്.സുനിൽകുമാറും കളക്ടർ വി.ആർ.കൃഷ്ണതേജ, സി.എം.പി നേതാവ് സി.പി.ജോൺ എന്നിവരും മേളം കേൾക്കാനെത്തി.