കൊടുങ്ങല്ലൂർ : ദേശീയപാത വികസനത്തിന്റെ ഭാഗമായി സി.ഐ ഓഫീസ് ജംഗ്ഷൻ അടച്ചുകെട്ടാനുള്ള നീക്കത്തിനെതിരെ എലിവേറ്റഡ് ഹൈവേ കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് കരിദിനമായി ആചരിക്കും. കൊടുങ്ങല്ലൂർ സി.ഐ ഓഫീസ് സിഗ്‌നൽ ജംഗ്ഷനിൽ ജനങ്ങൾക്ക് സഞ്ചാരയോഗ്യമായ ക്രോസിംഗ് സംവിധാനം ഒരുക്കണമെന്നാണ് എലിവേറ്റഡ് ഹൈവേ കർമ്മ സമിതി ആവശ്യപ്പെടുന്നത്. ആവശ്യം ഉന്നയിച്ച് കർമ്മ സമിതി നടത്തിവരുന്ന സത്യഗ്രഹസമരം ഇന്ന് 150-ാം ദിവസം പിന്നിടുകയാണ്. ദേശീയപാത അതോറിറ്റിയുടെ മനുഷ്യത്വരഹിതമായ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് കർമ്മ സമിതി കൊടുങ്ങല്ലൂർ മർച്ചന്റ്‌സ് അസോസിയേഷനുമായി ചേർന്നാണ് കരിദിനമാചരിക്കുന്നത്. നഗരത്തിലുള്ള മുഴുവൻ വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിലും സമരസമിതി കരിങ്കൊടി ഉയർത്തിയാണ് കരിദിനം ആചരിക്കുക. ഇന്ന് രാവിലെ 9ന് വടക്കേ നടയിലുള്ള സുപ്രീം ബേക്കറിക്ക് സമീപം കരിങ്കൊടികളും പോസ്റ്ററുകളും കർമ്മ സമിതി കൺവീനർ അഡ്വ. കെ.കെ. അൻസാർ മർച്ചൻസ് അസോസിയേഷേൻ സെക്രട്ടറി എൻ.ആർ. വിനോദ് കുമാറിന് കൈമാറും.
മിനി സിവിൽ സ്റ്റേഷൻ, സ്‌കൂളുകൾ, പൊലീസ് സ്റ്റേഷൻ, ക്ഷേത്രം തുടങ്ങി നഗര ഹൃദയം ബൈപാസിന്റെ കിഴക്കുവശമാണ് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ഭാഗത്തുള്ള കുട്ടികൾ ഉൾപ്പെടെയുള്ള ആയിരങ്ങളായ പ്രദേശവാസികൾ ബൈപാസ് മുറിച്ചു കടന്നാണ് ഇപ്പോൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് കർമ്മ സമിതി ഇവിടെ എലിവറ്റേഡ് ഹൈവേയുടെ ആവശ്യകത ഉയർത്തിക്കാണിക്കുന്നത്. ചന്തപ്പുര വടക്കുഭാഗത്തുള്ള സെന്റ് തോമസ് പള്ളിക്ക് മുമ്പിലാണ് എലിവറ്റേഡ് ഹൈവേ നിർമ്മാണം പുരോഗമിക്കുന്നത്. എലിവറ്റഡ് ഹൈവേ ഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗം വരെ നീട്ടി കൂടുതൽ ജനോപകാരപ്രദമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.