
ഇരിങ്ങാലക്കുട : ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് പറയുകയും പള്ളികളിൽ ഇഫ്ത്താർ വിരുന്നിൽ പങ്കെടുക്കുകയും ചെയ്യുന്ന തട്ടിപ്പ് തിരിച്ചറിയണമെന്ന് മന്ത്രി ഗണേഷ് കുമാർ.എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പൊറത്തിശ്ശേരി കണ്ടാരത്തറ മൈതാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഹിന്ദുവാണെന്നാണ് പറയുന്നത്. ചലച്ചിത്രരംഗത്ത് എല്ലാവരും ഇന്നസെന്റ് അല്ല. അദ്ദേഹത്തിന്റെ മുറിയിൽ മറ്റുള്ളവരെ താമസിപ്പിക്കാൻ അനുവദിക്കാറില്ല. നാട്ടുകാരുടെ മുന്നിലുള്ള അഭിനയം നിറുത്തണമെന്നും ചാരിറ്റി എന്ന് പറഞ്ഞുള്ള തട്ടിപ്പ് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പിളർത്തി പാർട്ടി ഉണ്ടാക്കി വീണ്ടും കാലുപിടിച്ച് കോൺഗ്രസിലെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥിയും ഒരേ തൂവൽ പക്ഷികളാണ്. ബി.ജെ.പിയെ ഭയന്നാണ് കോൺഗ്രസ് ജീവിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോഗിക്കാറില്ലെന്നും അതുകൊണ്ട് സോഷ്യൽ മീഡിയയിൽ എന്ത് എഴുതിച്ചാലും പറഞ്ഞാലും കുഴപ്പമില്ല. ഇത്തരം ആക്രമണം തുടർന്നാൽ കൂടുതൽ പലതും തുറന്നുപറയേണ്ടി വരുമെന്നും ഗണേഷ് പറഞ്ഞു.
ആർ.എൽ.ജീവൻലാൽ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ: പ്രൊഫ.കെ.യു.അരുണൻ, എൽ.ഡി.എഫ് നേതാക്കളായ വി.എ.മനോജ് കുമാർ, ടി.കെ.സുധീഷ്, പി.മണി, ടി.കെ.വർഗീസ്, ആർ.എൽ.ശ്രീലാൽ, അംബിക പള്ളിപ്പുറത്ത്, സി.സി.ഷിബിൻ, ജിഷ ജോബി, എം.എസ്.സഞ്ജയ് തുടങ്ങിയവർ പങ്കെടുത്തു.