തൃശൂർ: ബാരിക്കേഡുകൾ സ്ഥാപിച്ച് പൂരം തടയാൻ ശ്രമിച്ചതിനെ തുടർന്ന് പ്രധാന വെടിക്കെട്ടും പകൽപ്പൂരവും വെെകിയെങ്കിലും നിശ്ചിതസമയത്തിനുള്ളിൽ പാറമേക്കാവ്–തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു.
വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്ന് ഇനി അടുത്ത പൂരത്തിന് കാണാമെന്ന ഉറപ്പോടെ തട്ടകക്കാർ പിരിഞ്ഞു.

വെടിക്കെട്ട് വെെകിയതിനാൽ രാവിലെ 8.30നാണ് 15 ആനകളെ അണിനിരത്തി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ തിരുവമ്പാടി വിഭാഗം ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളത്ത് തുടങ്ങിയത്. നായ്ക്കനാൽ മുതൽ ശ്രീമൂലസ്ഥാനം വരെ ചെറിയ കുടമാറ്റം നടന്നു. ഉച്ചയോടെ ശ്രീമൂലസ്ഥാനത്തെത്തി.

പാറമേക്കാവ് വിഭാഗം 8.30നാണ് പഞ്ചവാദ്യ, പാണ്ടിമേള അകമ്പടിയോടെ എഴുന്നള്ളത്താരംഭിച്ചത്. 15 ആനകൾ അണിനിരന്നു. പാണ്ടിമേളം കൊട്ടിക്കയറുമ്പോൾ എഴുന്നള്ളത്ത് ശ്രീമൂലസ്ഥാനത്തെത്തി. മേളം കലാശിച്ച ശേഷം പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റിയ കൊമ്പന്മാർ മുഖാമുഖം നിന്നു.

അടുത്ത മേടത്തിലെ പൂരത്തിന് കാണാം എന്ന ഉറപ്പിന്റെ പ്രതീകമായി കൊമ്പന്മാർ തുമ്പി ഉയർത്തി പരസ്പരം അഭിവാദ്യം ചെയ്തു. രാത്രി ഉത്രംവിളക്ക് കൊളുത്തി ഭക്തർ കൊടിയിറക്കുന്നതോടെ പൂരത്തിന് സമാപ്തിയാകും.

പുലർച്ചെ നടക്കേണ്ടിയിരുന്ന പ്രധാന വെടിക്കെട്ട് രാവിലെ നടന്നത് പതിനായിരങ്ങളെ നിരാശരാക്കിയെങ്കിലും പകൽപ്പൂരത്തിൽ അവർ ആവേശം കൊണ്ടു. രാത്രിയിൽ തിരുവമ്പാടിയുടെ പൂരം നിറുത്തിവയ്പ്പിച്ചതിന്റെ പ്രതിഷേധവും പകൽപ്പൂരത്തിനെത്തിയവരിൽ പ്രതിഫലിച്ചു.

ഒടുവിൽ ഉച്ചയോടെ വിടചൊല്ലൽ ചടങ്ങ് വികാരനിർഭരമായപ്പോൾ അവർ അതെല്ലാം മറന്നു. ഒരാണ്ടിന്റെ ഓർമ്മയായി കാഴ്ചയുടെയും കേൾവിയുടെയും വിരുന്നിന് നന്ദി പറഞ്ഞ് പൂരക്കഞ്ഞിയും കഴിച്ചാണ് ആയിരങ്ങൾ മടങ്ങിയത്.