അന്തിക്കാട് : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം എന്നാവശ്യപ്പെട്ട് കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി 21 മുതൽ 24 വരെ ഭരണഘടനാ സംരക്ഷണ ജാഥ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൃശൂർ, ആലത്തൂർ, ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ജില്ലയിലെ 13 നിയോജക മണ്ഡലത്തിലൂടെ ജാഥ സഞ്ചരിക്കും. മൂന്ന് ജാഥകളാണ് പര്യടനം നടത്തുക. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയും ഇന്ത്യ മുന്നണി വരേണ്ട ആവശ്യവും ഉയർത്തിയാണ് ജാഥ പര്യടനം നടത്തുക. യുവ ന്യായ് കോൺഗ്രസിന്റെ അഞ്ച് പദ്ധതികൾ ജാഥയിലൂടെ വിശദീകരിക്കും. 21ന് രാവിലെ 9ന് തൃശൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ജാഥ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി, സംസ്ഥാന കമ്മിറ്റി അംഗം രാമചന്ദ്രൻ പള്ളിയിൽ, ജാഥാ ജനറൽ കൺവീനർ ആന്റോ തൊറയൻ, ജാഥാ അംഗങ്ങളായ റാനിഷ് കെ. രാമൻ, കിരൺ തോമസ് എന്നിവർ പങ്കെടുത്തു.