1

വടക്കാഞ്ചേരി: പ്രതിഷ്ഠാദിനത്തിൽ കാനനവാസന് കാട്ടിലെത്തി പൂജ സമർപ്പിച്ചു. വാഴാനി അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനങ്ങളുടെ ഭാഗമായാണ് വാഴാനി കാട്ടിനുള്ളിലെ ശ്രീമൂല സ്ഥാനത്ത് ക്ഷേത്രം തന്ത്രി അവണപ്പറമ്പ് പ്രദീപൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ പൂജകൾ നടന്നത്.

വർഷങ്ങൾ പഴക്കമുള്ളതായിരുന്നു വാഴാനി കാടിനുള്ളിലെ ക്ഷേത്രം. ഡാമിന്റെ നിർമ്മാണം ആരംഭിച്ചതോടെയാണ് ക്ഷേത്രം ഡാമിന്റെ ഇക്കരയ്ക്ക് മാറ്റിയത്. കാടിനുള്ളിൽ ആന അടക്കമുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്നതിനാൽ വനംവകുപ്പ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു.

ഈ വർഷം പ്രത്യേക അനുമതി വാങ്ങിയശേഷമാണ് കാടിനുള്ളിലെ ശ്രീമൂല സ്ഥാനാത്ത് പൂജകൾ നടത്തിയത്. അപൂർവമായ പ്രതിഷ്ഠയാണ് ക്ഷേത്രത്തിലുള്ളത്. പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി ഗണപതി ഹോമം, ലക്ഷാർച്ചന, കലശമാടൽ, പുഷ്പാർച്ചന, ഭസ്മാഭിഷേകം എന്നിവ നടന്നു.