കൊടുങ്ങല്ലൂർ: അധികൃതർ ഒരാഴ്ചയ്ക്കുള്ളിൽ അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ വോട്ട് നോട്ടയ്ക്ക് എന്ന മുന്നറിയിപ്പുമായി വ്യാപാര വ്യവസായി ഏകോപന സമിതിയും എലിവറ്റേഡ് ഹൈവേ കർമ്മ സമിതിക്ക് ഒപ്പം ചേർന്ന് കരിദിനം ആചരിച്ചു. 150 ദിവസമായി ബൈപാസിലെ സി.ഐ ഓഫീസ് സിഗ്‌നലിൽ വോട്ടർമാർ നടത്തി വരുന്ന സമരത്തെ അവഗണിച്ച് ദേശീയപാത അതോറിറ്റി മനുഷ്യത്വരഹിതമായ നടപടിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ വോട്ട് നോട്ടയ്ക്ക് എന്നത് നടപ്പാക്കാനാണ് മർച്ചന്റ്‌സ് അസോസിയേഷനും കർമ്മ സമിതിയും ആലോചന നടത്തുന്നത്. വടക്കെ നടയിൽ കരിദിനാചരണം നടന്നു. കൊടുങ്ങല്ലൂരിലെ കടകളിൽ ഉയർത്താനുള്ള കൊടികളും പോസ്റ്ററും കർമ്മ സമിതി ജനറൽ കൺവീനർ അഡ്വ. കെ.കെ. അൻസാറിൽ നിന്നും വ്യാപാരി വ്യവസായി ഏകോപന സമതി സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ ഏറ്റു വാങ്ങി. ആർ.എം. പവിത്രൻ അദ്ധ്യക്ഷനായി. മർച്ചൻ്‌സ് അസോസിയേഷൻ പ്രതിനിധികളായ ടി.കെ. ഷാജി, കെ.ജെ. ശ്രീജിത്ത്, പി.കെ. സത്യശീലൻ എന്നിവരും കർമ്മ സമിതി പ്രവർത്തകരായ ഡോ. സജിത്ത്, ഡോ. ഒ.വി. വിനോദ് എന്നിവരും സംസാരിച്ചു.