പുതുക്കാട്: പാലക്കാട് മുണ്ടൂരിൽ നിന്നും നെടുംമ്പാളിലെ ബന്ധുവീട്ടിൽ വിരുന്നെത്തിയ സംഘത്തിലെ രണ്ട് കുട്ടികളും നെടുംബാളിലെ ബന്ധുവും മകളും ഉൾപ്പെടെ നാലു പേർക്ക് രക്ഷകനായി ചെമ്പിരി മോഹനൻ. കളിമണ്ണും മണലും ഖനനം നടത്തി നിലയില്ലാക്കയമായ ജലാശയത്തിൽ വഞ്ചി മറിഞ്ഞാണ് നാലുപേർ മുങ്ങിത്താഴ്ന്നത്.
മുണ്ടുരിൽ നിന്നെത്തിയ പുന്നപുറ വീട്ടിൽ പശുപതി രാജുവിന്റെ മക്കളായ അനുപമ (15), അവന്യു (4) , നെടുംബാൾ പറയംകുളമ്പ് രാജ് കുമാർ (46), മകൾ ആർഷ (11) എന്നിവരാണ് വഞ്ചി മറിഞ്ഞ് വെള്ളത്തിൽ വീണത്. ഇന്നലെരാവിലെ11 ഓടെയായിരുന്നുസംഭവം.
മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ചെറിയ ഫൈബർ വഞ്ചിയിലാണ് നാലു പേരും ചേർന്ന് ജലാശയത്തിന്റെ മറുകരയിലേക്ക് യാത്ര പുറപ്പെട്ടത്. ജലാശയത്തിന് നടുവിലെത്തിയപ്പോൾ കാറ്റിൽ വഞ്ചി ഉലഞ്ഞ് മറിയുകയായിരുന്നു. വഞ്ചി മറയുന്നതു കണ്ട് കരയിൽ നിന്നിരുന്ന കുട്ടികളുടെ അമ്മമാരുടെ കരച്ചിൽ കേട്ട് സമീപത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന ചെമ്പിരി മോഹനൻ വഞ്ചിയുമായെത്തി രാജ്കുമാറിനെയും രണ്ട് കുട്ടികളെയും രക്ഷിച്ചു.
റോഡിലൂടെ പോയിരുന്ന അജ്ഞാതൻ ഒരു കുട്ടിയെയും രക്ഷിച്ചിരുന്നു. നെൽക്കൃഷിയും മത്സ്യബന്ധനവുമായി കഴിയുന്ന മോഹനനെ പാടശേഖരസമിതിയും നാട്ടുകാരും അഭിനന്ദിച്ചു. രാജ്കുമാറിന് നീന്തൽ അറിയാമെങ്കിലും വഞ്ചി മറിഞ്ഞതോടെ ഭയന്ന് മുങ്ങിത്താഴുകയായിരുന്നു.