തൃശൂർ: ലോക്‌സഭാ തിരഞ്ഞടുപ്പിന് ദിവസങ്ങൾ ശേഷിക്കേ, അവസാനവട്ട പ്രചാരണം കൊഴുപ്പിക്കാൻ വീണ്ടും ദേശീയനേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും പ്രിയങ്ക ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമെല്ലാം ഉഴുതുമറിച്ച പ്രചാരണ വഴികളിൽ ഇനി രാഹുൽഗാന്ധിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും എല്ലാമെത്തും. രാഹുൽ ഗാന്ധി ഇന്ന് ചാവക്കാട്ടും അമിത് ഷാ നാളെ ഇരിങ്ങാലക്കുടയിലുമാണ് വരുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച ലേബർ പാർലമെന്റ് എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജിത് കൗർ ഇന്നലെ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം രാഹുൽ ഗാന്ധി ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്തുള്ള ചത്വരം ഗ്രൗണ്ടിൽ ഇന്ന് ഉച്ചയ്ക്ക് 1.30 ന് പ്രസംഗിക്കും സ്ഥാനാർത്ഥികളായ കെ. മുരളീധരൻ, ബെന്നി ബഹനാൻ, രമ്യ ഹരിദാസ്, ദേശീയ സംസ്ഥാന നേതാക്കളായ കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ പങ്കെടുക്കും. സി.പി.എം പി.ബി അംഗം എം.എ. ബേബി 22 ന് രാവിലെ പുതുക്കാട് സെന്ററിലും നാലിന് ഒല്ലൂരിലും ആറിന് കോടന്നൂർ സെന്ററിലും പ്രസംഗിക്കുന്നുണ്ട്.
കരുവന്നൂർ ചർച്ചയാക്കാൻ അമിത് ഷാ?
എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് രാവിലെ പത്തരയ്ക്കാണ് പൊതുസമ്മേളനത്തിൽ പ്രസംഗിക്കുന്നത്. കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് വീണ്ടും ചർച്ചയാക്കാൻ ലക്ഷ്യമിട്ടാണ് ഇരിങ്ങാലക്കുടയിൽ അമിത് ഷാ എത്തുന്നതെന്നാണ് സൂചന. പ്രധാനമന്ത്രി കുന്നംകുളത്ത് പ്രചാരണയോഗത്തിൽ പ്രസംഗിച്ചപ്പോഴും കരുവന്നൂർ വിഷയത്തിൽ കേന്ദ്രീകരിച്ചിരുന്നു. അതേസമയം, എൻ.ഡി.എയുടെ പ്രചാരണത്തെ ശക്തമായി പ്രചാരണവഴികളിൽ ഇടതുമുന്നണി തുറന്നുകാട്ടുന്നുമുണ്ട്.
പൂരവിവാദം ആരെ തുണയ്ക്കും?
പൂരത്തിന് മുൻപേ ഉയർന്ന പ്രതിസന്ധിയും പൂരംനാളിലെ പൊലീസ് നടപടിയും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം. പൊലീസിന്റെ അനാവശ്യനിയന്ത്രണങ്ങൾക്കെതിരെ കൃത്യമായി വി.എസ്. സുനിൽകുമാർ പ്രതികരിച്ചിരുന്നു. പൂരം നിറുത്തിവച്ച തിരുവമ്പാടി ദേവസ്വത്തെ അനുനയിപ്പിക്കാനും പൊലീസിനെതിരെ ശക്തമായ നിലപാട് എടുക്കാനും രാത്രി മുഴുവനും മന്ത്രി കെ. രാജനും രംഗത്തുണ്ടായിരുന്നു. സുരേഷ് ഗോപിയും രാത്രി തന്നെ തിരുവമ്പാടി ദേവസ്വത്തിലെത്തി. പൂരം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് കെ. മുരളീധരനും ശക്തമായി ആക്ഷേപം ഉന്നയിച്ചു. വിവാദം തിരഞ്ഞെടുപ്പ് ദിനമായ വെള്ളിയാഴ്ച വരെ നീണ്ടാൽ തിരഞ്ഞെടുപ്പിൽ പൂരപ്രേമികളുടെ വോട്ടും നിർണായകമാകുമെന്നാണ് വിവരം.