1

തൃശൂർ: തൃശൂർ പൂരത്തിന് മുൻപേ ഉദ്യോഗസ്ഥർക്ക് താമസിക്കാനെന്ന് പറഞ്ഞ് വൻകിട ഹോട്ടലുകൾ ബുക്ക് ചെയ്ത് പണം നൽകിയില്ലെന്ന് ആരോപണം. ഇക്കാര്യവും അന്വേഷിക്കണമെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. ഉദ്യോഗസ്ഥർക്ക് താമസിക്കാനെന്ന് പറഞ്ഞ് ബുക്ക് ചെയ്ത മുറികളിൽ ഉയർന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളാണ് താമസിച്ചതത്രെ.

പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ താൻപോരിമയും അനാവശ്യമായ ഇടപെടലുമാണ് പൂരം അലങ്കോലമാകാൻ കാരണമെന്നാണ് മുൻപ് പൂരം സുരക്ഷയ്ക്ക് നേതൃത്വം വഹിച്ച വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്. പൂരം കാണാനെത്തുന്നവരെ നിയന്ത്രിച്ച് എല്ലാവർക്കും കാണാൻ അവസരം ഒരുക്കുകയാണ് പൊലീസിന്റെ ചുമതലയെന്നും അവർ പറയുന്നു.

പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും സാധാരണഗതിയിൽ പുലർച്ചെ മൂന്നിന് വെട്ടിക്കെട്ട് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മാത്രമാണ് ആളുകളെ നിയന്ത്രിക്കാൻ ആരംഭിക്കുകയെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. രാത്രി 11 മണിയായപ്പോൾ തന്നെ ബാരിക്കേഡുകളും കയറും കെട്ടി ആളുകളെ തടഞ്ഞതും സ്വരാജ് റൗണ്ടിൽ നിന്നു പൂർണമായും ആളുകളെ ഒഴിപ്പിച്ചതും ഗുരുതരമായ വീഴ്ചയാണെന്നും ചൂണ്ടിക്കാണിക്കുന്നു.


തിരഞ്ഞെടുപ്പിന്റെ മറയിൽ

തിരഞ്ഞെടുപ്പ് കാലമായതിനാൽ ജനപ്രതിനിധികളുടെയും കളക്ടറുടെയും ഇടപെടൽ ഉണ്ടാകില്ലെന്ന് കരുതി ഉന്നത ഉദ്യോഗസ്ഥന്റെ അമിതാധികാര പ്രയോഗമാണ് പൂരം നടത്തിപ്പിനെ പ്രതിക്കൂട്ടിലാക്കിയതെന്നും പറയുന്നു. സംഭവത്തിന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. എന്തായാലും ദേവസ്വം ഭാരവാഹികളുടെയും ദേശക്കാരുടെയും പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല.

ജനം കൂടിയിട്ടില്ല, എന്നിട്ടും

കഴിഞ്ഞവർഷമാണ് ഏറ്റവും ജനത്തിരക്ക് പൂരത്തിനുണ്ടായത്. എന്നാൽ ഈ വർഷം അതിലേറെ ജനങ്ങൾ ഉണ്ടായില്ലെന്നാണ് നിഗമനം. എന്നിട്ടും നല്ലരീതിയിൽ പൂരം നടത്താനായില്ലെന്നാണ് പരാതി. കാണാനെത്തുന്നവർ സൃഷ്ടിക്കുന്ന തിക്കുംതിരക്കും നിയന്ത്രിക്കുക മാത്രമാണ് പൊലീസിന്റെ ചുമതല. പക്ഷേ, പൊലീസ് അനാവശ്യമായി ചില കാര്യങ്ങളിൽ ഇടപെട്ടു. ഇരു ദേവസ്വങ്ങളെയും ശത്രുക്കളാക്കി. വെട്ടിക്കെട്ടുകാർക്ക് വേണ്ട നിർദേശങ്ങൾ കൊടുക്കുന്നതിനും മറ്റുമായി മുന്നൂറിലധികം വളന്റിയർമാർക്ക് അനുവാദം നൽകാറുണ്ട്. എന്നാൽ അത് 150 പേർക്ക് മാത്രമാക്കി ചുരുക്കിയതും പ്രശ്‌നമായി.

പൊലീസിലും മുറുമുറുപ്പ്

വിശ്രമമില്ലാതെ ജനക്കൂട്ടത്തിനിടെ ഡ്യൂട്ടി ചെയ്ത പൊലീസുകാർക്ക് മതിയായ വിശ്രമം അനുവദിച്ചില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞവർഷവും ഇതേപോലെ പൂരം സാമ്പിൾ വെട്ടിക്കെട്ട് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ പൊലീസ് ഉദ്യോഗസ്ഥരെ വരെ രാത്രിയിൽ തിരിച്ചുവിളിച്ച് ചുമതലയേൽപ്പിച്ചു. പെരുമഴയത്ത് വീട്ടിലെത്തിയവർക്കെല്ലാം തിരിച്ചെത്തേണ്ടി വന്നിരുന്നു. ഈ വർഷവും ഏറെ അദ്ധ്വാനിച്ചിട്ടും പഴി കേൾക്കേണ്ടി വന്നതിൽ ഉന്നത പൊലീസുകാർക്ക് അടക്കം കടുത്ത അമർഷമുണ്ട്.